എല്‍.ഐ.സി ഏജന്റുമാരുടെ മിനിമം ബിസിനസ് ഗ്യാരന്റി നിബന്ധനകള്‍ പുനര്‍നിര്‍ണ്ണയിച്ച് ഉത്തരവായി

എല്‍.ഐ.സി ഏജന്റുമാരുടെ മിനിമം ബിസിനസ്സ് ഗ്യാരന്റി നിബന്ധനകള്‍ പുനര്‍നിര്‍ണ്ണയിച്ച് ഉത്തരവായതായി ആള്‍ ഇന്‍ഡ്യ എല്‍.ഐ.സി ഏജന്റ് ഫെഡറേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

എല്‍.ഐ.സി. ഏജന്റുമാരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയറ്റ്‌ലി, കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജ്ജുന്‍ റാം മേഘ്‌വാള്‍ എന്നിവരെ ഫെഡറേഷന്‍ ഭാരവാഹികള്‍ നേരില്‍കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെഡറേഷന്‍ ഡല്‍ഹിയില്‍ മാര്‍ച്ച് സംഘടപ്പിച്ചതിന്റെ പശ്ചാത്തതിലാണ് നിലവിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്തു ഉത്തരവായത്.

എല്‍.ഐ.സി ഏജന്റുമാരുടെ മിനിമം ബിസിനസ് ഗ്യാരന്റി പ്രതിവര്‍ഷം ഒരു ലക്ഷം രൂപയുടെ പ്രിമീയവും പന്ത്രണ്ട് പോളിസിയും എന്ന വ്യവസ്ഥ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏര്‍പ്പെടുത്തിയതാണ്. ഒരു ലക്ഷം രുപയുടെ പ്രിമിയവും 12 പുതിയ പോളിസിയും എന്ന ലക്ഷ്യം സാക്ഷാത്കരിക്കാത്തതിന്റെ പേരില്‍ 5 ലക്ഷത്തോളം വരുന്ന ഏജന്റുമാര്‍ക്ക് ഏജന്‍സി നഷ്ടമായി. അഞ്ച് ലക്ഷത്തിലധികം എല്‍.ഐ.സി ഏജന്റുമാരുടെ ഉപജീവനം ഇല്ലാതാകുകയും തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയും ചെയ്ത തിരുമാനമാണ് ഇപ്പോള്‍ തിരുത്തിയിട്ടുളളത്.

പ്രതിവര്‍ഷം ഏറ്റവും കുറഞ്ഞത് ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ പോളിസിയെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ഒരു ലക്ഷം രൂപ പ്രിമീയം തുകയായി അടയ്ക്കുവാന്‍ കഴിയുകയുളളു. ഭീമമായ തുക പ്രിമീയം അടയ്ക്കത്തക്കവണ്ണമുളള ബിസിനസ് നേടാന്‍ കഴിയാത്തതു കൊണ്ടാണ് 5 ലക്ഷത്തോളം വന്ന എല്‍.ഐ.സി ഏജന്റുമാരുടെ തൊഴില്‍ നഷ്ടമായത്. ദീര്‍ഘകാലമായി എല്‍.ഐ.സി ഏജന്റുമാര്‍ ഉന്നയിക്കുന്ന ആവശ്യത്തിനാണ് പരിഹാരം ഉണ്ടാക്കാന്‍ കഴിഞ്ഞത്.

ഉദാരമായ വ്യവസ്ഥകളാണ് പുതിയ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുളളത്. പ്രതിവര്‍ഷം ഒരു ലക്ഷം രൂപയുടെ പ്രിമീയവും പന്ത്രണ്ട് പോളിസിയും എന്നുളളത് നേര്‍പകുതിയാക്കി ചുരുക്കി. പുതുക്കിയ നിബന്ധന പ്രകാരം 50,000 രൂപയുടെ പ്രീമിയവും ആറ് പോളിസിയും ഉണ്ടെങ്കില്‍ ഏജന്‍സി നിലനിര്‍ത്താന്‍ കഴിയും. കൂടുതല്‍ ആളുകളെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുവാനും ഏജന്റുമാരെ നിലനിര്‍ത്തുന്നതിനും ഉപകരിക്കുന്ന തീരുമാനമാണിത്.

എല്‍.ഐ.സി യുടെ നിലനില്‍പ്പിന് പത്തരലക്ഷത്തോളം വരുന്ന ഏജന്റുമാരുടെ ക്ഷേമത്തിനുമായി ഫെഡറേഷന്‍ മുന്നോട്ട് വച്ചിട്ടുളള മറ്റ് ആവശ്യങ്ങളും അംഗീകരിക്കുവാന്‍ ലൈസന്‍സിയും കോര്‍പ്പറേഷനും സര്‍ക്കാരും തയ്യാറാകണമെന്നും എം.പി. പറഞ്ഞു. ഓള്‍ ഇന്ത്യാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി തോന്നയ്ക്കല്‍ രാമചന്ദ്രന്‍, ദേശിയ പ്രസിഡന്റ് ശശിധരന്‍പിളള എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *