എല്‍ഡിഎഫ‌് സര്‍ക്കാരിനെതിരെ ഗൂഢാലോചന: എസ‌് ആര്‍ പി


ന്യുഡല്‍ഹി: ശബരിമല വിഷയത്തില്‍ എല്‍ഡിഎഫ‌് സര്‍ക്കാരിനെതിരെ ഗൂഢാലോചന നടക്കുന്നതായി സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം എസ‌് രാമചന്ദ്രന്‍പിള്ള. ബിജെപിയും കോണ്‍ഗ്രസുമാണ‌് ഗൂഢാലോചനയുടെ പിന്നില്‍. സുപ്രീംകോടതി ഉത്തരവ‌് നടപ്പാക്കണമെന്ന ഭരണഘടനാപരമായ ബാധ്യത സര്‍ക്കാര്‍ നിറവേറ്റരുതെന്നും വിധി നടപ്പാക്കാന്‍ സാധിക്കില്ലെന്ന‌് കോടതിയെ അറിയിക്കണമെന്നുമാണ‌് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെടുന്നത‌്. ഇത‌് അംഗീകരിക്കാനാവില്ല.


സ‌്ത്രീയുടെ തുല്യത ഉയര്‍ത്തിപ്പിടിക്കുന്നതാണ്‌ വിധി. എല്ലാവരുടെയും വാദങ്ങള്‍കേട്ട ശേഷമാണ‌് വിധി പുറപ്പെടുവിച്ചത‌്. കോണ്‍ഗ്രസോ ബിജെപിയോ അന്ന‌് കോടതിയെ സമീപിക്കാത്തത‌് എന്തുകൊണ്ടാണെന്ന‌് വ്യക്തമാക്കണം. അന്ന‌് കോടതിയെ സമീപിക്കാത്തവര്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കണമെന്ന‌് പറയുന്നതില്‍ ഒരര്‍ഥവുമില്ല. സിപിഐ എം വിശ്വാസികള്‍ക്കും വിശ്വാസത്തിനും എതിരല്ല. അതേസമയം അനാചാരങ്ങളെ എന്നും എതിര്‍ക്കുകയും ചെയ‌്തു.


ഇല്ലാത്ത വിഷയത്തെ പെരുപ്പിച്ച‌് കാണിക്കാനാണ‌് ഇപ്പോള്‍ ശ്രമം. ഇതിന‌് ബിജെപിക്ക‌് കൃത്യമായ വര്‍ഗീയ അജണ്ടയുണ്ട‌്. മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. റഫേല്‍ ഇടപാട‌് ഉള്‍പ്പെടെയുള്ള വിവാദങ്ങളും കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. ഇത്തരം വിഷയങ്ങളില്‍നിന്ന‌് ജനശ്രദ്ധയകറ്റാനാണ്‌ വര്‍ഗീയതയിലൂന്നിയ നീക്കം. ബിജെപിക്ക‌് കൂട്ടുനില്‍ക്കുന്നതിലൂടെ കേരളത്തില്‍ കോണ്‍ഗ്രസിനുള്ള ചെറിയ അടിത്തറപോലും നഷ്ടമാകും. ഉത്തര്‍പ്രദേശിലും ബിഹാറിലും ഉണ്ടായ തകര്‍ച്ച കേരളത്തിലും കോണ്‍ഗ്രസിനുണ്ടാകും. ജനങ്ങള്‍ക്കിടയിലുള്ള നേരിയ ആശയകുഴപ്പം സുപ്രീംകോടതിവിധി വിശദീകരിച്ച‌് കൃത്യമായ ബോധവല്‍ക്കരണംവഴി മാറ്റാനാകുമെന്നും രാമചന്ദ്രന്‍പിള്ള പറഞ്ഞു.



Sharing is Caring