എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രത്തിന്റെ പച്ചക്കൊടി

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കണമെന്ന നീതി ആയോഗിന്റെ നിര്‍ദ്ദേശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കടക്കെണിയില്‍ മുങ്ങിയ എയര്‍ ഇന്ത്യക്ക് കൂടുതല്‍ സഹായധനം നല്‍കുന്നത് ഒഴിവാക്കാനാണ് സ്വകാര്യവത്കരണം നടപ്പിലാക്കുന്നതെന്നാണ് വിശദീകരണം.

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനായി വിശദമായ മാര്‍ഗരേഖയാണ് നീതി ആയോഗ് മുന്നോട്ടുവെച്ചത്. 30,000 കോടിയുടെ വായ്പ എഴുതിത്തള്ളാനും നിര്‍ദേശമുണ്ടായിരുന്നു. എയര്‍ ഇന്ത്യയുടെ കടം 50,000 കോടി വരും. പുതിയ വിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് എടുത്ത വായ്പയാണ് ഇതില്‍ 22,000 കോടിയും. 4,500 കോടിയാണ് വാര്‍ഷികപലിശയായി നല്‍കേണ്ടിവരുന്നത്. ഇത് എയര്‍ ഇന്ത്യയുടെ മൊത്തം വരുമാനത്തിന്റെ 21 ശതമാനം വരും. എയര്‍ ഇന്ത്യയുടെ വായ്പയും പ്രവര്‍ത്തനമൂലധനവും പുതിയ ഉടമകളുടെ ചുമതലയിലാക്കാനും പകുതി ബാധ്യത ഏറ്റെടുക്കാനുമാണ് നീതി ആയോഗിന്റെ നിര്‍ദേശം.

അതേസമയം, എയര്‍ ഇന്ത്യയുടെ 51 ശതമാനം ഓഹരികള്‍ സ്വന്തമാക്കാന്‍ ടാറ്റ ഗ്രൂപ്പ് ശ്രമിക്കുന്നതായും ഇത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 1932ല്‍ ജെ.ആര്‍.ഡി ടാറ്റയുടെ നേതൃത്വത്തില്‍ തുടങ്ങിയ ടാറ്റ എയര്‍ലൈന്‍സാണ് സ്വാതന്ത്ര്യാനന്തരം 1948ലാണ് എയര്‍ ഇന്ത്യയായി മാറിയത്. 118 വിമാനങ്ങളുമായി ഇന്ത്യയിലെ പ്രമുഖ വിമാന കമ്ബനികളിലൊന്നാണ്‌എയര്‍ ഇന്ത്യ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *