എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനെത്തിയ യുവാവിന് ‘സര്‍പ്രൈസ്’ നല്‍കി മുംബൈ പൊലീസ്


തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെടുത്തി ജനകീയമാക്കുന്നതില്‍ ഏറെ ശ്രദ്ധകേന്ദ്രീകരിക്കുന്നവരാണ് മുംബൈ പൊലീസ്. വെള്ളപ്പൊക്ക കെടുതിയില്‍ ട്വിറ്ററിലൂടെയുള്ള പൊലീസിന്റെ ഇടപെടല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള കാര്യങ്ങളെന്തും ട്വിറ്ററിലൂടെ പങ്കുവെയ്ക്കാന്‍ തുടങ്ങിയതോടെ നിരവധി പേരാണ് ഔദ്യോഗിക പേജ് പിന്തുടുന്നത്. കഴിഞ്ഞ ദിവസം സാഖിനാക പൊലീസ് ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തിനും അഭിനന്ദന പ്രവാഹമായിരുന്നു.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സ്റ്റേഷനിലെത്തിയ യുവാവിന് സര്‍പ്രൈസ് നല്‍കിയാണ് പൊലീസ് ഇവിടെ കൈയടിവാങ്ങിയത്. എഫ്‌ഐആറിലെ വ്യക്തി വിവരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട പൊലീസ് കേക്ക് വാങ്ങിക്കൊണ്ടുവന്ന് യുവാവിന്റെ ജന്മദിനം ആഘോഷിക്കുകയാണ് ചെയ്തത്. പൊലീസ് സ്റ്റേഷനിലെത്തിയ അതേ ദിവസമായിരുന്നു യുവാവിന്റെ ജന്മദിനം. അനീഷ് എന്ന യുവാവിന് ഓര്‍മയില്‍ സൂക്ഷിക്കാന്‍ മനസുനിറഞ്ഞതായിരുന്നു ആ ജന്മദിന ആഘോഷം. അനീഷിന്റെ ജന്മദിനം പൊലീസും മറക്കില്ല.




Sharing is Caring