എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടിണി സമരം; റവന്യൂ മന്ത്രിയുമായുള്ള ച‍ര്‍ച്ച ഇന്ന്

തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കുടുംബത്തിന്‍റെ പട്ടിണിസമരം മൂന്നാം ദിനത്തിലേക്ക്. സമരസമിതിയുമായി ഇന്ന് 11 മണിക്ക് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും ആരോഗ്യ മന്ത്രി കെ കെ ശൈലജയും ചര്‍ച്ച നടത്തും. സഹായത്തിന് അര്‍ഹരായവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നത് വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.

എന്‍ഡോസള്‍ഫാന്‍ ബാധിതരായ എട്ടുകുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പതംഗ സംഘമാണ് തലസ്ഥാനത്ത് സമരം നടത്തുന്നത്. മുഴുവന്‍ ദുതിതബാധിതരേയും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക,സുപ്രീം കോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവര്‍ക്കും നല്‍കുക, കടങ്ങള്‍ എഴുതി തള്ളുക, പുനരധിവാസ ഗ്രാമം പദ്ധതി യാഥാര്‍ത്ഥ്യമാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.
ഒരു വര്‍ഷംമുന്‍പ് ഇതുപോലെ കാസര്‍കോഡ് നിന്നെത്തിയ ദുരിതബാധിതര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്തിരുന്നു. അന്ന് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി നടപ്പായില്ലെന്നാണ് സമര സമിതി ആരോപിക്കുന്നത്. അധികാരികളുടെ കണ്ണ് തുറക്കും വരെ പട്ടിണി സമരമെന്നാണ് നിലപാട്.

അതേസമയം സര്‍ക്കാര്‍ കണക്കിലുള്ള 6212 ദുരിത ബാധിതര്‍ക്കും ധനസഹായമായി ഇതുവരെ 184 കോടി രൂപ ചെലവഴിച്ചെന്ന് വ്യക്തമാക്കി റവന്യൂ വകുപ്പ് വാര്‍ത്താക്കുറിപ്പ് ഇറക്കി. സുപ്രീംകോടതി വിധി പ്രകാരം ധനസഹായത്തിന്‍റെ മൂന്ന് ഗഡുക്കളും നല്‍കി. ഈ സാഹചര്യത്തില്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *