‘എന്തും താങ്ങാന്‍ തയ്യാര്‍’; ബിജെപി സംസ്ഥാന അധ്യക്ഷ പദവി ഒഴിയാന്‍ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍

നിയസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും നേടാനാകാത്ത കനത്ത പരാജയത്തെത്തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷ പദവി ഒഴിയാന്‍ തയ്യാറാണെന്ന് കെ സുരേന്ദ്രന്‍. കേന്ദ്ര നേതൃത്വത്തെ സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചതായാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയുടെ പ്രാഥമിക ഉത്തരവാദിത്വം തനിക്കാണെന്ന് സുരേന്ദ്രന്‍ കേന്ദ്ര നേതാക്കളെ അറിയിച്ചു. തോല്‍വി വിശദമായി പരിശോധിച്ചിട്ട് അന്തിമ തീരുമാനമെടുക്കാമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ മറുപടി. താന്‍ എന്തും താങ്ങാന്‍ തയ്യാറാണെന്നും കേന്ദ്രനേതൃത്വത്തിന് തീരുമാനം എടുക്കാമെന്നും സുരേന്ദ്രന്‍ പ്രതികരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

രാഷ്ട്രീയമായും സംഘടനാപരമായും സംഭവിച്ച പിഴവുകള്‍ വിശദമായി വിലയിരുത്തുമെന്ന് ഇന്നലെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചിരുന്നു.’കഴിഞ്ഞ ഒരു വര്‍ഷമായി സംസ്ഥാനത്ത് ബിജെപിയെ നയിക്കുന്നത് ഞാനാണ്. പരാജയത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം എനിക്ക് തന്നെയാണ്. തോല്‍വിയെക്കുറിച്ച് വിശദമായി പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടുണ്ട്. എനിക്ക് പറയാനുള്ളത് കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് അവരാണ്. രാഷ്ട്രീയമായും സംഘടനാപരമായും സംഭവിച്ച പിഴവുകള്‍ വിശദമായ വിലയിരുത്തും. തുടര്‍ന്ന് ആവശ്യമായ തിരുത്തില്‍ നടപടികള്‍ സ്വീകരിക്കും. ഒരു സീറ്റു പോയി. എന്ത് വേണമെങ്കിലും പാര്‍ട്ടി തീരുമാനിക്കാമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്.”സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് വോട്ടുകച്ചവടം നടത്തിയെന്ന പിണറായി വിജയന്റെ ആരോപണങ്ങള്‍ക്കും സുരേന്ദ്രന്‍ ഇന്നലെ മറുപടി നല്‍കിയിരുന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്തിന്റെ മഹത്വം മനസിലാക്കി സംസാരിക്കണമെന്നും ബാലിശമായ ആരോപണമാണ് വോട്ടുകച്ചവടം എന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ വോട്ടുകള്‍ കുറഞ്ഞത് വോട്ടുകച്ചവടമാണെങ്കില്‍, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് എട്ടു ശതമാനം വോട്ട് കുറഞ്ഞത് വോട്ടുകച്ചവടം നടത്തിയിട്ട് ആണോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.

പാലക്കാട് മണ്ഡലത്തില്‍ സിപിഐഎമ്മിന്റെ 2500 വോട്ടു കുറഞ്ഞിട്ടുണ്ടെന്നും ഇത് വോട്ട് കച്ചവടമായിരുന്നോയെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മഞ്ചേശ്വരത്ത് എല്‍ഡിഎഫിന് 5000ത്തിലേറേ വോട്ടുകള്‍ നഷ്ടമായി. തൃപ്പൂണിത്തുറ, കുണ്ടറ മണ്ഡലങ്ങളിലും സിപിഐഎമ്മിന് വോട്ടു കുറഞ്ഞു. ഈ വോട്ടുകള്‍ വിറ്റ പണമെല്ലാം പോയത് എകെജി സെന്ററിലേക്കാണോ ധര്‍മ്മടത്തേക്കാണോ? ആരോപണം ഉന്നയിക്കുമ്പോള്‍ സ്വന്തം പാര്‍ട്ടി ചരിത്രം കൂടി പിണറായി നോക്കണം. ലീഗ് മത്സരിക്കാത്ത സ്ഥലത്തെ മുസ്ലീംവോട്ടുകളും സിപിഐഎമ്മിന് പോയി. എസ്ഡിപിഐ അടക്കമുള്ളവര്‍ സിപിഐഎമ്മിന് വോട്ടു ചെയ്തു. മഞ്ചേശ്വരത്തും പാലക്കാടും കല്‍പ്പറ്റയിലു ജയിച്ചപ്പോള്‍ ആഹ്ലാദപ്രകടനം നത്തിയത് യുഡിഎഫ് മാത്രമല്ല. ഈ തെരഞ്ഞെടുപ്പില്‍ നടന്നത് ശക്തമായ വര്‍ഗീയധ്രുവീകരണമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *