എന്താണ് ബ്ലാക്ക് ഫംഗസ്, അഥവാ മ്യൂക്കോര്‍മൈക്കോസിസ്? ഇത് എങ്ങനെയല്ലാം ബാധിക്കും?

ന്യൂഡല്‍ഹി: കോവിഡ് ഭേദമായവരില്‍ ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കോര്‍മൈക്കോസിസ് രോഗം പടരുന്നു എന്ന വാര്‍ത്ത ആശങ്ക പരത്തുന്നുണ്ട്. ഗുജറാത്തിലും മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് ഫംഗസ് ബാധ കണ്ടെത്തിയത്. മഹാരാഷ്ട്രയില്‍ മാത്രം എട്ടുപേരാണ് ഫംഗസ് ബാധയെ തുടര്‍ന്ന് മരിച്ചത്. വിവിധ സംസ്ഥാനങ്ങളിലായി 200 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഗുജറാത്തില്‍ മാത്രം ഇത് നൂറിന് മുകളില്‍ വരും.

അപൂര്‍വ്വ ഫംഗസ് അണുബാധയാണ് മ്യൂക്കോര്‍മൈക്കോസിസ് എന്ന് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡീസിസസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷേന്‍ പറയുന്നു. മ്യൂക്കോര്‍മൈസെറ്റിസ് എന്ന ഫംഗസാണ് രോഗം പരത്തുന്നത്. ഈ ഫംഗസിന് അന്തരീക്ഷത്തില്‍ ജീവിക്കാന്‍ സാധിക്കും.
വായുവിലൂടെയാണ് ഫംഗസ് ശരീരത്തില്‍ എത്തുക. സൈനസിനെയും ശ്വാസകോശത്തെയുമാണ് ഇത് മുഖ്യമായി ബാധിക്കുക. ശരീരത്തില്‍ മുറിവോ, പൊള്ളലേല്‍ക്കുകയോ ചെയ്താല്‍ അതുവഴി ത്വക്കിനും അണുബാധയേല്‍ക്കാമെന്ന് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡീസിസസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷേന്‍ പറയുന്നു. ചിലരില്‍ കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടാനും ഇത് ഇടയാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോവിഡ് ഒന്നാംതരംഗത്തിലുണ്ടായിരുന്നതിനെക്കാള്‍ വ്യാപകമാണ് ഇത്തവണ മ്യൂക്കോര്‍മൈക്കോസിസെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന സ്റ്റിറോയ്ഡുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവുകൂട്ടും. ചില മരുന്നുകള്‍ പ്രതിരോധശേഷിയെ ബാധിക്കും. ഇതാണ് കോവിഡ് ഭേദമായവരെ ഈ ഫംഗസ് വേഗം ബാധിക്കാന്‍ കാരണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന്റെ മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്‌ ഡയറക്ടറേറ്റ് മേധാവി ഡോ. താത്യറാവ് ലഹാനെ പറഞ്ഞു.

പ്രമേഹരോഗികളെ ഫംഗസ് വളരെ പെട്ടെന്ന് ബാധിക്കും. തലവേദന, പനി, കണ്ണിനുതാഴെയുള്ള വേദന, മൂക്കൊലിപ്പ്, സൈനസ് എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.ആഴ്ചകള്‍ക്കുമുമ്ബ് കോവിഡ്മുക്തരായ ഒട്ടേറെപ്പേര്‍ക്കാണ് ഫംഗസ് ബാധയേറ്റതെന്ന് സൂറത്തിലെ കിരണ്‍ സൂപ്പര്‍ മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടറായ മാഥുര്‍ സവാനി പറഞ്ഞു. ഇത്തരത്തില്‍ 60 പേര്‍ ചികിത്സയിലുണ്ടെന്നും ഇവരില്‍ പലര്‍ക്കും കാഴ്ച നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *