എംഎല്‍എയുടെ മാസ്‌ക്, കെവിൻ വധം; സഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം

നിപ വിഷയത്തിൽ എംഎല്‍എ മുഖാവരണം ( mask ) ധരിച്ചെത്തിയതും കെവിൻ വധത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതും സഭയില്‍ ഭരണ-പ്രതിപക്ഷ ബഹളത്തിന് കാരണമായി.

നിപാ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ എം.എല്‍.എ മാസ്‌കും ഗ്ലൗസും ധരിച്ച്‌ സഭയിലെത്തിയത് പ്രതിഷേധത്തിനിടയാക്കി. കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുള്ള സഭയില്‍ മുഖാവരണവും കൈയ്യുറയും ധരിച്ചെത്തിയതിനെ തുടര്‍ന്നാണ് സഭയില്‍ ബഹളമുണ്ടായത്.

എംഎല്‍എ മാസ്‌ക് ധരിച്ചെത്തിയതെന്തിനെന്ന് ആരാഞ്ഞ സ്പീക്കർ എംഎല്‍എയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ നേരത്തെ അറിയിക്കണമായിരുന്നെന്നും വ്യക്തമാക്കിയതോടെയാണ് സഭയില്‍ ബഹളം ആരംഭിച്ചത്.

എം.എല്‍.എയുടെ നടപടിയിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പ്രതിഷേധമറിയിച്ചു. എംഎല്‍എയുടെ നടപടി തീര്‍ത്തും അപഹാസ്യമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

നിപ രോഗബാധ നിയന്ത്രിക്കാന്‍ കൂട്ടായി പരിശ്രമിക്കുമ്പോള്‍ ഇത്തരം നടപടി ശരിയെല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ആരോപിച്ചു.

തുടർന്ന് പാറക്കല്‍ അബ്ദുള്ളക്ക് പിന്തുണയുമായി പ്രതിപക്ഷം രംഗത്തെത്തി. അതേസമയം, എംഎൽഎ കോമാളി വേഷം കെട്ടുകയാണെന്ന് മറ്റൊരു അംഗം ആരോപിച്ചു.

പ്രതീകാത്മകമായാണ് എം.എല്‍.എ മാസ്‌കും കൈയ്യുറയും ധരിച്ചെത്തിയതെന്നും ഇത്തരമൊരു പ്രവര്‍ത്തിയിലൂടെ ജനങ്ങളുടെ ആശങ്ക ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു ലക്ഷ്യമിട്ടതെന്നും പ്രതിപക്ഷ നേതാവ് ചെന്നിത്തല അറിയിച്ചു.

അതേസമയം, നിയമസഭാ നടപടികള്‍ ആരംഭിച്ച ആദ്യ ദിനത്തിൽ തന്നെ ആഭ്യന്തര വകുപ്പിന്റെ പരാജയം ചൂണ്ടിക്കാട്ടി ദുരഭിമാനക്കൊലയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകി. മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്.

പോലീസ് പിന്തുണയോട് കൂടിയുള്ള കൊലപാതകമാണ് കെവിന്റെതെന്ന് പ്രതിപക്ഷം ആരോപിച്ചു. കെവിൻ കേസ് സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുക്കളത്തിലിറങ്ങി.

പോലീസിന്റെ കുറ്റം പോലീസ് തന്നെ അന്വേഷിച്ചാൽ എന്ത് നീതി കിട്ടുമെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. പിണറായി പോലീസിന്റെ സാധാരണ വീഴ്ചയാണിതെന്നും ആരോപണമുണ്ട്.

കെവിൻ കേസിൽ പോലീസിനുണ്ടായത് അസാധാരണ വീഴ്ചയല്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. എന്നാൽ സംഭവത്തിൽ നിയമപരമായ എല്ലാ സാധ്യതകളും തേടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കേസില്‍ രാഷ്ട്രീയം കാണേണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. കെവിന്‍ കേസ് കേരളത്തില്‍ നടക്കാന്‍ പാടില്ലാത്തതാണെന്നും അതൊരു ദുരഭിമാനക്കൊല തന്നെയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേരളമൊന്നാകെ മുന്നോട്ടു വരണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

കെവിന്റെ തിരോധാനം 14 മണിക്കൂർ എസ് ഐ മറച്ചു വച്ചതായും രാവിലെ ആറ് മണിക്ക് കെവിന്റെ തിരോധനം അറിഞ്ഞിട്ടും അന്വേഷണം ആരംഭിച്ചത് രാത്രി എട്ടു മണിക്കാണെന്നും പ്രതിപക്ഷം വ്യക്തമാക്കി.

കെവിൻ കേസിൽ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടണമെന്ന ആവശ്യവുമായി അധികൃതർ ഇന്ന് കോടതിയെ സമീപിക്കും.

അതേസമയം, കെവിൻ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പട്ട് സഭയിൽ ബഹളം വച്ച പ്രതിപക്ഷം തുടർന്ന് സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഇപ്പോൾ നിയമസഭയുടെ കവാടത്തിന് മുന്നിൽ നിന്ന് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *