എംഎല്‍എമാര്‍ക്കായി റിസോര്‍ട്ടില്‍ ചിലവിട്ടത് ലക്ഷങ്ങള്‍

അണ്ണാ ഡിഎംകെ എംഎല്‍എമാരെ താമസിപ്പിക്കാന്‍ റിസോര്‍ട്ടില്‍ ഓരോ ദിവസവും പാര്‍ട്ടി ചെലവഴിച്ചത് ലക്ഷങ്ങള്‍. എത്രപേരുണ്ടെന്ന കൃത്യമായ ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ലെങ്കിലും 100ല്‍ അധികം എംഎല്‍എമാരും അവരുടെ സുരക്ഷാചുമതലയുള്ളവരുമായി 200ല്‍ അധികംപേര്‍ ഈ ദിവസങ്ങളില്‍ റിസോര്‍ട്ടിലുണ്ടായിരുന്നു. കൂവത്തൂര്‍ ഈസ്റ്റ് കോസ്റ്റ് റോഡിലെ ഗോള്‍ഡന്‍ ബേ ബീച്ച് റിസോര്‍ട്ട് പൂര്‍ണമായും അണ്ണാ എംകെ ബുക്ക് ചെയ്തിരിക്കുകയാണെന്നാണു വിവരം.
വിവിധ വിഭാഗങ്ങളിലുള്ള 60 മുറികളാണു റിസോര്‍ട്ടിലുള്ളത്. ട്രാന്‍ക്വില്‍ വിഭാഗത്തിലുള്ള മുറികള്‍ക്കു ദിവസവും 5,500 രൂപയാണു വാടക. ബേ വ്യൂ മുറികള്‍ക്ക് 6,600 രൂപയും പാരഡൈസ് സ്യൂട്ട് മുറികള്‍ക്ക് 9,900 രൂപയുമാണു വാടകയെന്നു റിസോര്‍ട്ടിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.

കൂട്ട ബുക്കിങ് ആയതിനാല്‍ 7,000 രൂപയ്ക്കു മുറികള്‍ ലഭിച്ചെന്നാണു റിപ്പോര്‍ട്ടുകള്‍. മുറിവാടകയിനത്തില്‍ ആറു ദിവസത്തേക്കു കുറഞ്ഞത് 25 ലക്ഷമെങ്കിലും ചെലവായിട്ടുണ്ട്.
അതേസമയം, ഭക്ഷണം, വെള്ളം, സ്‌നാക്‌സ്, പഴങ്ങള്‍, ചായ, മദ്യം തുടങ്ങിയവയുടെ ചെലവുകള്‍ ഈ കണക്കില്‍പ്പെടുത്തിയിട്ടില്ല. എല്ലാ രാത്രിയും റിസോര്‍ട്ടില്‍ എംഎല്‍എമാര്‍ക്കായി വിനോദ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഭക്ഷണത്തിനു മാത്രമായി ഓരോരുത്തര്‍ക്കും കുറഞ്ഞത് ഒരു ദിവസം 2000 രൂപ വച്ച് ചെലവഴിച്ചാല്‍ത്തന്നെ ആറു ദിവസത്തേക്ക് 200 പേര്‍ക്ക് 25 ലക്ഷം രൂപയെങ്കിലും ചെലവാകും.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് എല്ലാ എംഎല്‍എമാരെയും റിസോര്‍ട്ടിലേക്കു മാറ്റിയത്. നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാനെത്തിയ എംഎല്‍എമാരെ അവിടുന്നു നേരെ റിസോര്‍ട്ടിലേക്കു മാറ്റുകയായിരുന്നു. അതിനാല്‍ത്തന്നെ ധരിച്ച വസ്ത്രം അല്ലാതെ മറ്റൊന്നും അവരുടെ കൈവശം ഉണ്ടായിരുന്നില്ല. റിസോര്‍ട്ടില്‍ ചെന്നതിനുശേഷം എല്ലാവര്‍ക്കും ആവശ്യമുള്ള വസ്ത്രങ്ങള്‍ നല്‍കി. ഇതിനായി കുറഞ്ഞത് 1000 രൂപയെങ്കിലും ചെലവിട്ടെന്നു കണക്കാക്കിയാല്‍ ആറു ദിവസത്തേക്ക് 12 ലക്ഷം രൂപയെങ്കിലും ചെലവായിട്ടുണ്ട്.
അതേസമയം, തന്നെ പാര്‍ട്ടി ട്രഷറര്‍ സ്ഥാനത്തുനിന്നു നീക്കാന്‍ വി.കെ. ശശികലയ്ക്ക് കഴിയില്ലെന്നു വ്യക്തമാക്കിയ ഒ. പനീര്‍സെല്‍വം, നേരത്തേ തന്നെ തന്റെ അനുമതിയില്ലാതെ പാര്‍ട്ടി ഫണ്ട് വിട്ടുനല്‍കരുതെന്ന് ബാങ്ക് അധികൃതര്‍ക്കു രേഖാമൂലം അറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ബാങ്കുകള്‍ പണം നല്‍കിയോ ഇല്ലയോ എന്നു വ്യക്തമല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *