ചെന്നൈ: ടി.ടി.വി ദിനകരനെ പിന്തുണയ്ക്കുന്നവര്‍ സുപ്രീംകോടതിയിലേക്ക്. എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയത് മദ്രാസ് ഹൈക്കോടതി ശരിവെച്ച സാഹചര്യത്തിലാണ് തീരുമാനം. പതിനെട്ട് പേരാണ് ടി.ടി.വി ദിനകരനെ പിന്തുണയ്ക്കുന്നത്. മധുരയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കര്‍ നടപടിയെ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം ശരിവെക്കുകയായിരുന്നു. ടിടിവി ദിനകരനൊപ്പം നിന്ന 18 എംഎല്‍എമാരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. ഇത് ശരിവെച്ചാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി. ജസ്റ്റിസ് എം.സത്യനാരായണനാണ് വിധി പ്രഖ്യാപിച്ചത്.

എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് 2017 സെപ്റ്റംബർ 18ന് ഗവർണറെ കണ്ട 18 എംഎല്‍എമാരെയാണ് സ്പീക്കർ പി. ധനപാലൻ അയോഗ്യരാക്കിയത്. സ്പീക്കറുടെ തീരുമാനത്തിനെതിരെ ഇവർ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഭിന്നവിധി പ്രഖ്യാപിച്ചതോടെയാണു തർക്കം സുപ്രീംകോടതിയിലെത്തിയത്. തുടർന്ന് കേസ് പരിഗണിച്ച സുപ്രീം കോടതി വിധി പറയാൻ മദ്രാസ് ഹൈക്കോടതി ജഡ്ജി എം. സത്യനാരായണനെ നിയോഗിക്കുകയായിരുന്നു.
ജൂൺ 14നാണു മദ്രാസ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനർജിയും ജസ്റ്റിസ് എം.സുന്ദറും വ്യത്യസ്ത വിധികൾ പുറപ്പെടുവിച്ചത്. സ്പീക്കർ പി.ധനപാലിന്റെ തീരുമാനത്തെ ചീഫ് ജസ്റ്റിസ് ശരിവച്ചപ്പോൾ, ജസ്റ്റിസ് സുന്ദർ വിധിച്ചതു സ്പീക്കറുടെ തീരുമാനം റദ്ദാക്കണമെന്നായിരുന്നു. മൂന്നാം ജഡ്ജിക്കു കേസ് വിടാനും അതുവരെ തൽസ്ഥിതി തുടരാനും അന്നു ചീഫ് ജസ്റ്റിസ് ഉത്തരവിട്ടിരുന്നു.













