ഉ‍ഴവൂർ വിജയന്‍റെ മരണത്തിൽ ഫോണിൽ ഭീഷണിപ്പെടുത്തിയ എൻസിപി നേതാവിനെതിരെ കേസെടുക്കും

എൻസിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉ‍ഴവൂർ വിജയന്‍റെ അകാല മരണത്തിന് കാരണം പാർട്ടി നേതാവ് ഫോണിൽ നടത്തിയ ഭീഷണിയാകാമെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച്.നേതാവിനെതിരെ കേസെടുത്ത് അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുളള സംഘം തയ്യാറാക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.വധഭീഷണിയടക്കമുളള കുറ്റങ്ങൾ ചുമത്തി എഫ് ഐ ആർ ഇടണമെന്നാണ് ശുപാർശ.

എൻസിപിയിൽ മന്ത്രി തോമസ് ചാണ്ടിയുടെ ഉറ്റ അനുയായി ആയാണ് നേതാവ് അറിയപ്പെടുന്നത്.നേതാവിന്‍റെ ഫോൺവിളി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരേയും കേസെടുക്കും.അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഡിജിപി എ ഹേമചന്ദ്രൻ ഉടൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് കൈമാറും.

നേതാവിനെതിരെ ഐപിസി 120,506,ഐടി നിയമം 67 എന്നിവ ചുമത്തിയാവും കേസ്.ഫോൺസംഭാഷണത്തിലെ ശബ്ദം നേതാവിന്‍റേത് തന്നെയാണെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായതായി സുചനയുണ്ട്.ഉ‍ഴവൂർ വിജയനെ ഫോണിൽ വിളിച്ച് കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിക്കുകയായിരുന്നു.ഫോൺവിളിക്കു ശേഷം ഉ‍ഴവൂർ വിജയൻ അസ്വസ്ഥനായിരുന്നു.അത് അദ്ദേഹത്തിന്‍റെ മരണത്തിന് കാരണമായെന്നാണ് ബന്ധുക്കളും ഒരു വിഭാഗം പാർട്ടിക്കാരും കരുതുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *