ഉമ്മന്‍ചാണ്ടി വധശ്രമക്കേസ്: എംഎല്‍എയടക്കം 113 പ്രതികളോട് ഹാജരാകാന്‍ നിര്‍ദേശം


കണ്ണൂര്‍: മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയെ കണ്ണൂരില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ എംഎല്‍എയടക്കം 113 പ്രതികളോട് കോടതിയില്‍ ഹാജരാകാന്‍ കണ്ണൂര്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ സമന്‍സ്. എംഎല്‍എന്മാരായിരുന്ന സി കൃഷ്ണന്‍, കെ. കെ നാരായണന്‍ എന്നിവരടങ്ങുന്ന 113 പ്രതികളോടാണ് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
2013 ഒക്‌ടോബര്‍ 27 ന് കണ്ണൂര്‍ പോലീസ് മൈതാനത്ത് സംസ്ഥാന പോലീസ് അത്‌ലറ്റിക് മീറ്റിന്റെ സമാപനച്ചടങ്ങിനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സംഘം ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.
\വധിക്കണമെന്ന ഉദ്ദേശ്യത്തോടെ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് ആക്രമിക്കാനായിരുന്നു പദ്ധതിയെന്ന് കേസിന്റെ എഫ് ഐആറില്‍ പരാമര്‍ശിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ കൊല്ലടാ… എന്ന് ആര്‍ത്തുവിളിച്ച് പോലീസിന്റെ അകമ്പടി വാഹനം തടഞ്ഞെന്നും ഇതിനിടെ പ്രതികള്‍ മുദ്രാവാക്യം വിളിച്ച് കാറിനുളളിലുണ്ടായിരുന്ന ഉമ്മന്‍ചാണ്ടിയെ ഇരുമ്പുവടിയും മാരകായുധങ്ങളുപയോഗിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിക്കൊപ്പം കാറിലുണ്ടായിരുന്ന കെസി ജോസഫ് എംഎല്‍എ, കോഴിക്കോട് ഡിസിസി സെക്രട്ടറിയായിരുന്ന ടി സിദ്ദീഖ് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.
കല്ലേറില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിനും പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്കും അഞ്ചുലക്ഷം രൂപയുടെ നഷ് ടമുണ്ടായെന്നും കുറ്റപത്രത്തില്‍ പറയുന്നു. അക്രമത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന്റെ ഉപരോധത്തിനിടയില്‍ ഉമ്മന്‍ചാണ്ടിക്കു നേരെ കല്ലേറുണ്ടായി. പരിക്കേറ്റ ഉമ്മന്‍ചാണ്ടി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
എസ്പി രാഹുല്‍ ആര്‍. നായര്‍, ഡിവൈഎസ്പിന്മാരായ പി സുകുമാരന്‍, പ്രദീഷ് തോട്ടത്തില്‍, സിഐന്മാരായ പ്രദീപന്‍ കണ്ണിപ്പൊയില്‍, വികെ വിശ്വംഭരന്‍ നായര്‍, എസ്‌ഐന്മാരായ സനല്‍കുമാര്‍, ഷാജി പട്ടേരി, മനോജ്കുമാര്‍, രാമകൃഷ്ണന്‍, പികെ പ്രകാശന്‍, എം ഭദ്രനാഥ്, കുട്ടികൃഷ്ണന്‍, പി ആസാദ്, സുരേന്ദ്രന്‍ കല്യാടന്‍, പിഎ ഫിലിപ്പ് തുടങ്ങിയവരടക്കം 253 സാക്ഷികളാണ് കേസിലുളളത്.




Sharing is Caring