ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്


രാവിലെ 10ന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് അഞ്ചിന് അവസാനിക്കും
ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരിയുടെ പകരക്കാരനെ ഇന്നറിയാം. 13ാമത് ഉപരാഷ്ട്രപതിയെ കണ്ടെത്തുന്നതിനുള്ള വോട്ടെടുപ്പ് ഇന്ന് പാര്‍ലമെന്റില്‍ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് അഞ്ചിന് അവസാനിക്കും. ഏഴുമണിക്കു തന്നെ വോട്ടെണ്ണും. തുടര്‍ന്ന് ഫലപ്രഖ്യാപനവുമുണ്ടാകും.


രാജ്യസഭയിലെ 233 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും 12 നോമിനേറ്റഡ് അംഗങ്ങളും ലോക്‌സഭയിലെ 543 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും രണ്ട് നോമിനേറ്റഡ് അംഗങ്ങളും ഉള്‍പ്പെടെ 790 പേര്‍ക്കാണ് വോട്ടവകാശം. വെങ്കയ്യനായിഡുവാണ് എന്‍.ഡിഎ സ്ഥാനാര്‍ഥി. മഹാത്മാഗാന്ധിയുടെ ചെറുമകന്‍ ഗോപാല്‍കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാര്‍ഥി. ഹാമിദ് അന്‍സാരിയുടെ കാലാവധി ഈ മാസം 10ന് അവസാനിക്കുകയാണ്.


തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍.ഡി.എ എം.പിമാര്‍ ഇന്നലെ പാര്‍ലമെന്റില്‍ ട്രയല്‍ വോട്ടെടുപ്പ് നടത്തി. പാര്‍ലമെന്റിനുള്ളില്‍ ജി.എം.സി ബാലയോഗി ഓഡിറ്റോറിയത്തിലായിരുന്നു ട്രയല്‍ വോട്ടെടുപ്പ്.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റില്‍ 21 അസാധുവോട്ടുകളുണ്ടാകുകയും അതില്‍ ഭൂരിഭാഗവും ബി.ജെ.പി സ്ഥാനാര്‍ഥിക്കായുള്ള വോട്ടുകളായിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ട്രയല്‍ വോട്ടെടുപ്പ് നടത്തിയത്.



Sharing is Caring