ഉത്ര വധം: കേരളം നടുങ്ങിയ കൊലപാതകം, വിധി നാളെ

കൊല്ലം: അഞ്ചലിലെ ഉത്ര വധക്കേസില്‍ കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി നാളെ വിധിപറയും. ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്ബിനെ കൊണ്ട് ഉത്രയെ കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. ഭാര്യയെ കൊല്ലാന്‍ രണ്ടുതവണ പാമ്ബിനെക്കൊണ്ട് കടിപ്പിച്ച ക്രൂരകൃത്യം ചുരുളഴിഞ്ഞത് പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിലൂടെയാണ്.

2020 മെയ് ഏഴിനാണ് അഞ്ചല്‍ ഏറം സ്വദേശിനിയായ ഇരുപത്തിയഞ്ചുകാരി ഉത്ര സ്വന്തം വീട്ടില്‍ വച്ച്‌ പാമ്ബുകടിയേറ്റ് മരിച്ചത്. ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്ബിനെ കൊണ്ട് കടിപ്പിച്ച്‌ ഉത്രയെ കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകം നടത്തിയ രീതി മനസിലാക്കാന്‍ ക്രൈംബ്രാഞ്ച് സംഘം നടത്തിയ ഡമ്മി പരീക്ഷണം കേസിലെ ശക്തമായ തെളിവാണ്.

ഉത്രയെ കടിച്ച പാമ്ബിന് 150 സെന്റിമീറ്റര്‍ നീളമായിരുന്നു. ഇത്രയും നീളമുളള മൂര്‍ഖന്‍ കടിച്ചാല്‍ 1.7, അല്ലെങ്കില്‍ 1.8 സെന്റിമീറ്റര്‍ മുറിവേ ഉണ്ടാവുകയുളളു. സൂരജ് മൂര്‍ഖന്റെ പത്തിയില്‍ ബലമായി പിടിച്ച്‌ കടിപ്പിച്ചപ്പോഴാണ് ഉത്രയുടെ ശരീരത്തില്‍ 2.3, 2.8 സെന്റിമീറ്റര്‍ തോതില്‍ മുറിവുണ്ടായതെന്ന് ഡ‍മ്മി പരീക്ഷണത്തിലൂടെ തെളിയിച്ചു.

വിചാരണയ്ക്കിടയില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നു 87 സാക്ഷികളെയും 286 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. പ്രതിഭാഗം മൂന്നു സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും 3 സിഡിയും ഹാജരാക്കി. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഉത്രയുടെ അച്ഛന്റെ പ്രതികരണം.

സമാനതകളില്ലാത്ത ക്രൂരത. രാജ്യമാകെ ചര്‍ച്ചയായ കേസ്. ഉത്രയെ പാമ്ബിനെക്കൊണ്ട് കടിപ്പിക്കാനുളള ആദ്യ ശ്രമം നടന്നതു കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 29നു ആയിരുന്നു. 2020 മാര്‍ച്ച്‌ രണ്ടിന് രണ്ടാമത്തെ ശ്രമത്തില്‍ ഉത്രയ്ക്ക് അണലിയുടെ കടിയേറ്റു. 56 ദിവസം തിരുവല്ല ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഉത്ര അഞ്ചല്‍ ഏറത്തെ വീട്ടില്‍ കഴിയുമ്ബോഴാണു മേയ് ആറിന് രാത്രിയില്‍ ഉത്രയെ മൂര്‍ഖനെക്കൊണ്ട്‌ കടിപ്പിച്ചത്.

സൂരജിന് പാമ്ബിനെ നല്‍കിയ കല്ലുവാതുക്കല്‍ ചാവരുകാവ് സ്വദേശി സുരേഷ് കേസിലെ മാപ്പുസാക്ഷിയാണ്. കൊലപാതകക്കേസില്‍ മാത്രമാണ് നാളെ വിധി പറയുന്നത്. ഗാര്‍ഹികപീ‍ഡനക്കേസും വനംവകുപ്പ് റജിസ്റ്റര്‍ ചെയ്ത കേസും കോടതി നടപടികളിലാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *