അരുണാചല്‍പ്രദേശിന് പിന്നാലെ ഉത്തരാഖണ്ഡിലും ചൈനീസ് സൈന്യം കയ്യേറ്റം നടത്തിയതായി സ്ഥിരീകരണം. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്താണ് ചൈന ഇന്ത്യന്‍ പ്രദേശം കൈയ്യേറിയതായി അറിയിച്ചത്. ഉത്തരാഖണ്ഡില്‍ ഇരു രാജ്യങ്ങളും നിരായുധീകരണ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ചമോലി ജില്ലയിലാണ് ചൈനയുടെ സൈന്യമായ പീപ്പിള്‍സ് ആര്‍മി നുഴഞ്ഞു കയറിയത്.
ജൂലായ് 19ന് ചമോലി ജില്ലാ മജിസ്‌ട്രേട്ടിന്റെ നേതൃത്വത്തിലുള്ള ഇന്തോ ടിബറ്റന്‍ അതിര്‍ത്തി രക്ഷാസേന ബരഹോതി മൈതാനത്ത് സര്‍വേ നടത്തുന്നതിനിടെയാണ് ചൈനീസ് പീപ്പിള്‍സ് ആര്‍മിയുടെ നുഴഞ്ഞുകയറ്റം ശ്രദ്ധയില്‍ പെട്ടത്. പ്രദേശത്തെ പ്രധാനപ്പെട്ട കനാല്‍ കൈയ്യേറാന്‍ ചൈനക്ക് കഴിയാത്തത് ആശ്വാസകരമാണെന്നും ഹരീഷ് റാവത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചത്.

മുമ്പും ചൈന ഇവിടെ കടന്നു കയറുകയും പാറകളില്‍ ചൈന എന്നെഴുതി വയ്ക്കുകയും ചെയ്തിരുന്നു. 2013ലും 2014ലും ഇവിടെ വ്യോമാതിര്‍ത്തി ലംഘനവും കരാതിര്‍ത്തി ലംഘനവും ഉണ്ടായിട്ടുണ്ട്.













