ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ വമ്പന്‍മാരായ ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ടോട്ടനം, എവര്‍ട്ടന്‍ ടീമുകള്‍ക്ക് വിജയം. ഗോള്‍ മഴ പെയ്യിച്ചാണ് മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും വിജയിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റി മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ക്രിസ്റ്റല്‍ പാലസിനേയും ചെല്‍സി മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് സ്റ്റോക് സിറ്റിയേയും തകര്‍ത്തു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 1-0ത്തിന് സതാംപ്ടനേയും ടോട്ടനം 3-2ന് വെസ്റ്റ് ഹാം യുനൈറ്റഡിനേയും എവര്‍ട്ടന്‍ 2-1ന് ബേണ്‍മൗത്തിനേയും വീഴ്ത്തി. വാട്‌ഫോര്‍ഡ് 2-1ന് സ്വാന്‍സീ സിറ്റിയേയും പരാജയപ്പെടുത്തി.
റഹിം സ്റ്റെര്‍ലിങ് നേടിയ ഇരട്ട ഗോളുകളാണ് സിറ്റിക്ക് ഉജ്ജ്വല വിജയം ഒരുക്കിയത്. ആദ്യ പകുതിയില്‍ സനെയുടെ ഗോളില്‍ ലീഡെടുത്ത സിറ്റി ശേഷിച്ച നാല് ഗോളുകളും രണ്ടാം പകുതിയിലാണ് വലയിലാക്കിയത്. 51, 59 മിനുട്ടുകളിലാണ് സ്റ്റെര്‍ലിങിന്റെ ഗോളുകള്‍ പിറന്നത്. 79ാം മിനുട്ടില്‍ അഗ്യെറോ, 89ാം മിനുട്ടില്‍ ഡെല്‍ഫ് എന്നിവരും വല കുലുക്കി പട്ടിക പൂര്‍ത്തിയാക്കി.
ആല്‍വരൊ മൊറാറ്റയുടെ ഇരട്ട ഗോളുകളാണ് ചെല്‍സിക്ക് വിജയമൊരുക്കിയത്. ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി 16 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. ഇത്രയും പോയിന്റുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് രണ്ടാം സ്ഥാനത്ത്. ഗോള്‍ ശരാശരിയിലാണ് സിറ്റി തലപ്പത്ത് നില്‍ക്കുന്നത്.
മാഡ്രിഡ് ടീമുകള്‍ക്ക് വിജയം
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ മാഡ്രിഡ് ടീമുകളായ റയല്‍ മാഡ്രിഡിനും അത്‌ലറ്റിക്കോ മാഡ്രിഡിനും വിജയം. റയല്‍ 2-1ന് ഡിപോര്‍ടീവോ ആല്‍വെസിനേയും അത്‌ലറ്റിക്കോ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സെവിയ്യയേയും വീഴ്ത്തി.

ബയേണിന് വീണ്ടും സമനില കുരുക്ക്
മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിന് വീണ്ടും സമനില കുരുക്ക്. വോള്‍വ്‌സ്ബര്‍ഗ് 2-2ന് അവരെ തുല്ല്യതയില്‍ പിടിച്ചു. രണ്ട് ഗോള്‍ നേടി മുന്നില്‍ നിന്ന ശേഷമാണ് ബാവേറിയന്‍സിന് സമനില വഴങ്ങേണ്ടി വന്നത്. മറ്റ് മത്സരങ്ങളില്‍ ഹോഫന്‍ഹെയിം 2-0ത്തിന് ഷാല്‍കെയെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനത്തേക്ക് കയറി. മെയ്ന്‍സ് 1-0ത്തിന് ഹെര്‍ത്തയേയും ലെയ്പ്‌സിഗ് 2-1 ഫ്രാങ്ക്ഫര്‍ടിനേയും പരാജയപ്പെടുത്തി. സ്റ്റുട്ട്ഗര്‍ട്- ഓഗ്‌സ്ബര്‍ഗ്, വെര്‍ഡര്‍ ബ്രെമന്‍- ഫ്രീബര്‍ഗ് പോരാട്ടങ്ങള്‍ ഗോള്‍രഹിത സമനില.













