‘ഉക്രൈനില്‍ റഷ്യ രാസായുധംപ്രയോഗിച്ചേക്കാം’, മുന്നറിയിപ്പ് നല്‍കി യു.എസ്

ഉക്രൈനെതിരായ യുദ്ധത്തില്‍ റഷ്യ രാസായുധവും പ്രയോഗിച്ചേക്കാമെന്ന മുന്നറിയിപ്പ് നല്‍കി അമേരിക്ക. ഉക്രൈനില്‍ യു.എസ് രഹസ്യ രാസായുധ ലാബുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് റഷ്യ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ് യു.എസ് രംഗത്ത് വന്നിരിക്കുന്നത്. റഷ്യ ആയുധങ്ങള്‍ ഉപയോഗിക്കാം എന്നതിന്റെ സൂചനയാണ് ഇതെന്നാണ് യു.എസ് അറിയിച്ചത്.

യു.എസും ഉക്രൈനും ഉക്രൈനില്‍ രാസ, ജൈവ ആയുധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് റഷ്യ മനഃപൂര്‍വം നുണ പ്രചരിപ്പിക്കുകയാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പ്രസ്താവനയില്‍ പറഞ്ഞു. ഉക്രൈനിലെ ഭീകര പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാന്‍ റഷ്യ തെറ്റായ കാരണം കണ്ടുപിടിക്കുകയാണ്.അതേസമയം ഉക്രൈനിലെ റഷ്യന്‍ അധിനിവേശം പതിനാലാം ദിവസത്തിലേക്ക് കടന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വിദേശകാര്യമന്ത്രിതല ചര്‍ച്ച ഇന്ന് നടക്കും. റഷ്യന്‍ ആക്രമണം തുടങ്ങി ശേഷം നടക്കുന്ന ആദ്യത്തെ ഉന്നതതല ചര്‍ച്ചയാണിത്. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവും ഉക്രൈന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബയുമാണ് ചര്‍ച്ച നടത്തുക.

തുര്‍ക്കിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി തലവനായ റഫേല്‍ ഗ്രോസിയും പങ്കെടുക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *