ഇ അഹമ്മദ് അന്തരിച്ചു,വിട വാങ്ങിയത് ഏറ്റവുമധികം കാലം കേന്ദ്രമന്ത്രിയായ മലയാളി എന്ന റെക്കോര്‍ഡിന് ഉടമ

മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും ലോക്സഭാംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദ് അന്തരിച്ചു.78 വയസായിരുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗം നടന്നുകൊണ്ടിരിക്കെ ഇന്നലെ 11.30നു പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അഹമ്മദിനെ ഉടന്‍ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെത്തിച്ചിരുന്നു. പുലര്‍ച്ചെ 2.15 നാണു മരണം സ്ഥിരീകരിച്ചത്. ഇന്നു രാവിലെ എട്ടു മുതല്‍ 12 വരെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഉച്ചയ്ക്കു രണ്ടിനു പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലേക്കു പുറപ്പെടും. വൈകിട്ടു കരിപ്പൂര്‍ ഹജ് ഹൗസിലും തുടര്‍ന്നു കോഴിക്കോട് ലീഗ് ഹൗസിലും പൊതുദര്‍ശനം. രാത്രിയോടെ കണ്ണൂരിലേക്കു കൊണ്ടുപോകും. കബറടക്കം നാളെ കണ്ണൂരില്‍ നടക്കും.

25 വര്‍ഷം ലോക്സഭാഗംവും 18 വര്‍ഷം നിയമസഭാംഗവുമായിരുന്നു ഇ അഹമ്മദ്. 1967, 77, 80, 82, 87 വര്‍ഷങ്ങളില്‍ കേരള നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1982 മുതല്‍ അഞ്ചുവര്‍ഷം വ്യവസായമന്ത്രിയായിരുന്നു. 1991, 96, 98, 99, 2004, 2009, 2014 വര്‍ഷങ്ങളില്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2004ലെ ആദ്യ യുപിഎ സര്‍ക്കാരില്‍ വിദേശകാര്യ സഹമന്ത്രിയായി. രണ്ടാംയുപിഎ സര്‍ക്കാരില്‍ റയില്‍വേ, വിദേശകാര്യം, മാനവശേഷി വികസനം എന്നീ വകുപ്പുകളില്‍ സഹമന്ത്രിയായി. ഏറ്റവുമധികം കാലം കേന്ദ്രമന്ത്രിയായ മലയാളി എന്ന റെക്കോര്‍ഡിന് ഉടമയാണ് ഇ അഹമ്മദ്.. പാര്‍ലമെന്റിന്റെ ഒട്ടേറെ സമിതികളിലും ദൗത്യസംഘങ്ങളിലും നയന്ത്രസംഘങ്ങളിലും പ്രധാനസ്ഥാനം വഹിച്ചു. 1991 മുതല്‍ 2014 വരെയുള്ള വിവിധകാലങ്ങളില്‍ ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയിലും മറ്റു പരിപാടികളിലും ഇന്ത്യയെ പലതവണ പ്രതിനനിധീകരിച്ചു. കണ്ണൂര്‍ നഗരസഭാധ്യക്ഷ സ്ഥാനവും വഹിച്ചിട്ടുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *