ന്യൂഡല്‍ഹി: ഇന്ത്യയുടെ ഒരിഞ്ചു ഭൂമിപോലും ലോകത്തെ ഒരു ശക്തിയും കൈയടക്കാന്‍ അനുവദിക്കില്ലെന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. അതിര്‍ത്തിയിലെ സുരക്ഷാ അവലോകനത്തിനായി ലഡാക്കിലെത്തിയ പ്രതിരോധമന്ത്രി സൈനികരെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.
ഇരുരാജ്യങ്ങളും തമ്മിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു ചര്‍ച്ചകള്‍ നടക്കുകയാണ്. ലോകത്തൊരു ശക്തിക്കും ഇന്ത്യയുടെ ഒരിഞ്ചു ഭൂമി പോലും പിടിച്ചെടുക്കാനാകില്ല. ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. എന്നാല്‍ എത്രമാത്രം പരിഹരിക്കപ്പെടുമെന്നു പറയാനാകില്ല. ഇന്ത്യയൊരു ദുര്‍ബല രാജ്യമല്ല. സൈനികരുടെ ധീരതയും ബലിയും പാഴായിപ്പോകില്ലെന്നും കിഴക്കന്‍ ലഡാക്കിലെ സൈനിക ബേസില്‍ സംസാരിക്കവെ പ്രതിരോധമന്ത്രി പറഞ്ഞു.

ഗല്‍വാനില്‍ ഇന്ത്യ ചൈന സംഘര്‍ഷമുണ്ടായതിന് ശേഷം ആദ്യമായാണു പ്രതിരോധമന്ത്രി അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത്. ലുക്കുംഗ് പോസ്റ്റിലെ ഇന്ത്യന്‍ സൈനികരുമായി അദ്ദേഹം സംവദിച്ചു. ജൂലൈ മൂന്നിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലഡാക്കില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു.













