ഇറാൻ ഇതിനോടകം പരാജയപ്പെട്ടെന്നും ഇറാൻ്റെ നാവിക സേനയെ അമേരിക്ക തകർത്തെന്നും ട്രംപ്


ഇറാനെതിരായ യുദ്ധത്തിൽ അമേരിക്ക ഇതുവരെ നേടിയതിനേക്കാൾ മികച്ച വിജയമാണ് നേടിയതെന്നും അമേരിക്കൻ സൈന്യം ഇറാനെ തകർത്തില്ലാതാക്കിയെന്നും അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാൻ ഇതിനോടകം പരാജയപ്പെട്ടെന്നും ഇറാൻ്റെ നാവിക സേനയെ അമേരിക്ക തകർത്തെന്നും ട്രംപ് പറഞ്ഞു. അമേരിക്കയ്ക്കും ലോകരാജ്യങ്ങൾക്കും എതിരെ ഇറാൻ ഉയർത്തിയ ഭീഷണി അമേരിക്കയുടെ ഇടപ്പെടൽ കൊണ്ട് ഇല്ലാതാക്കിയെന്നും ട്രംപ് പ്രസ്താവിച്ചു. ഇന്ന് രാവിലെ (ഇന്ത്യൻ സമയം 6.40) ഡോണൾഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസം​ഗിച്ചിരുന്നു.


ഇറാനെതിരായ ആക്രമണത്തിൽ യുഎസ് എല്ലാ ലക്ഷ്യങ്ങളും നേടിയെന്നും അടുത്ത രണ്ട്-മൂന്ന് ആഴ്ച്ചകൾ അമേരിക്കയ്ക്ക് വളരെ നിർണ്ണായകമാണെന്നും ഇറാനെ ശിലായു​ഗത്തിലേക്ക് തള്ളിവിട്ട ശേഷം അമേരിക്ക യുദ്ധം അവസാനിപ്പിക്കുമെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറൻ ഇതുവരെയും കരാറിൽ ഏർപ്പെടാത്തതിനാൽ ഊർജ്ജനിലയങ്ങളെ ആക്രമിക്കുമെന്നും ട്രംപ് പറയുകയുണ്ടായി. ഇറാനിൽ അമേരിക്ക നടത്തുന്ന യുദ്ധം യുഎസിലെ ജനങ്ങൾക്കും അമേരിക്കൻ കുട്ടികളുടെ സുരക്ഷിതമായ ഭാവിക്കും വേണ്ടിയാണെന്നും ഇറാനെ ആണവായുധങ്ങൾ ഉണ്ടാക്കുന്നതിൽ നിന്ന് വിലക്കിയത് ഇതിനു വേണ്ടിയാണെന്നും ട്രംപ് പറഞ്ഞു. ഹോർമൂസ് ഉപരോധത്തിൽ പ്രതികരിക്കാതെ മറ്റ് രാജ്യങ്ങളെ ട്രംപ് പരിഹസിക്കുകയും ചെയ്തു. ധൈര്യം സംഭരിച്ച് ഹോർമൂസ് പിടിച്ചെടുക്കണമെന്നാണ് ട്രംപിൻ്റെ പ്രതികരണം. ഇറാന്റെ മിസൈൽ ശേഷി പൂർണ്ണമായും തകരുമെന്നും ഇനി കുറച്ച് മിസൈലുകൾ മാത്രമാണ് അവിടെ അവശേഷിക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടു.




Sharing is Caring