ഇറാന്റെ പുതിയ പ്രസിഡന്റ് അപകടകാരി; മുന്നറിയിപ്പുമായി ഇസ്രായേല്‍

ഇറാനില്‍ പുതിയ പ്രസിഡന്റായി ഇബ്രാഹിം റൈസിയെ തെരഞ്ഞെടുത്തതിനു പിന്നാലെ മുന്നറിയിപ്പുമായി ഇസ്രായേല്‍. ഇറാനിലെ ഇതുവരെയുള്ള പ്രസിഡന്റുമാരില്‍ ഏറ്റവും അപകടകാരിയും തീവ്ര നിലപാടുകളുമുള്ളയാളാണ് ഇബ്രാഹിം റൈസി എന്ന് ഇസ്രായേല്‍ വിദേശ കാര്യ മന്ത്രാലയം പറയുന്നു. ഈ സാഹചര്യത്തില്‍ അന്താരാഷ്ട്ര സമൂഹം കരുതിയിരിക്കണമെന്നും ഇസ്രായേല്‍ സര്‍ക്കാര്‍ പറഞ്ഞു. .ഇറാനിലെ ആണവയുധ പ്രവര്‍ത്തനങ്ങള്‍ ഇബ്രാഹിം റൈസിയുടെ നേതൃത്വത്തില്‍ കൂടുതല്‍ ശക്തിപ്രാപിക്കും എന്നാണ് ഇസ്രായേല്‍ നല്‍കുന്ന മുന്നറിയിപ്പ്. നിലവില്‍ അമേരിക്കയുടെ നിരവധി വിലക്കുകള്‍ ഇദ്ദേഹത്തിനെതിരെയുണ്ട്.

അതേസമയം ഇറാന്റെ പുതിയ ഭരണാധികാരിയെ പാലസ്തീന്‍ സായുധ സേനയായ ഹമാസ് സ്വാഗതം ചെയ്തു. റഷ്യ, സിറിയ, ഇറാഖ്, തുര്‍ക്കി, യുഎഇ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളും ഇബ്രാഹിം റൈസിയെ അഭിനന്ദിച്ചു.

ആരാണ് ഇബ്രാഹിം റയ്‌സി

ഇറാന്‍ ജുഡീഷ്യറി മേധാവിയായി പ്രവര്‍ത്തിച്ച് വരുന്ന നിയുക്ത ഇറാന്‍ പ്രസിഡന്റ് കരിയറില്‍ വലിയൊരുകാലവും സര്‍ക്കാറുമായി ബന്ധപ്പെട്ട് അഭിഭാഷകനായിട്ടായിരുന്നു പ്രവര്‍ത്തിച്ച് വന്നത്. നിലവില്‍ 60 കാരനായ ഇബ്രാഹിം റയ്‌സി 2019 ല്‍ ആണ് ജുഡീഷ്യറി മേധാവി എന്ന പദവിയിലെത്തുന്നത്. നേരത്തെ ഹസന്‍ റുഹാനിയ്ക്ക് എതിരെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടത് താനാണെന്നും അഴിമതിക്കെതിരെ പോരാടുന്ന വ്യക്തിയുമാണ് താന്‍ എന്നാണ് ഇബ്രാഹിം റയ്‌സി സ്വയം വിശേഷിപ്പിക്കുന്നത്.

എന്നാല്‍, 1980 ല്‍ നടന്ന രാഷ്ട്രീയ തടവുകാരുടെ കൂട്ടക്കൊലയില്‍ റെയ്‌സിക്ക് വലിയ പങ്കുണ്ടെന്നാണ് രാഷ്ട്രീയ എതിരാളികളുടെയും മനുഷ്യാനകാശ പ്രവര്‍ത്തകരുടെയും പ്രധാന ആരോപണം. ഇസ്ലാമിസ്റ്റ് ആശയങ്ങളില്‍ ഊന്നിക്കൊണ്ടുള്ള പ്രവര്‍ത്തനമായിരിക്കും റയ്‌സി സ്വീകരിക്കുക എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതിനാല്‍ തന്നെ രാജ്യം കൂടുതല്‍ യാഥാസ്ഥിതിക നിലപാടുകളിലേക്ക് തിരിഞ്ഞേക്കും. സ്ത്രീകളുടെ തൊഴില്‍ അവസരങ്ങള്‍, സാമൂഹിക മാധ്യമങ്ങള്‍, മാധ്യമങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം എന്നിവയിലും ഇടപെടല്‍ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *