പ്രകൃതിവാതക മേഖലയില്‍ ഇറാനുമായുണ്ടായ ഉരസലിനെ തുടര്‍ന്ന് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി മൂന്നിലൊന്നായി കുറയ്ക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത് ഇന്ത്യയാണ്. ഇറാനിലെ ഫര്‍സാദ് ബി വാതകപ്പാടത്തിന്റെ വികസനത്തിന് ഇന്ത്യന്‍ എണ്ണക്കമ്ബനികളുടെ കണ്‍സോര്‍ഷ്യത്തെ അനുവദിക്കാത്ത സാഹചര്യത്തില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം, മാംഗ്ളൂര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നീ പൊതുമേഖലാ എണ്ണക്കന്പനികളോട് എണ്ണ വാങ്ങുന്നത് കുറയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണിത്. ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ സൗദി അറേബ്യയെ മറികടന്ന് ഇറാന്‍ ഒന്നാമതെത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ എണ്ണക്കമ്ബനികള്‍ ഇറാനുമായി കൂടുതല്‍ സഹകരണത്തിന് ഒരുങ്ങിയത്.
എണ്ണ ഇറക്കുമതി മൂന്നിലൊന്നായി കുറയ്ക്കുന്നതോടെ ഈ സാന്പത്തിക വര്‍ഷം ഇറാനില്‍ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി പ്രതിദിനം 3,70,000 ബാരലായി മാറും. കഴിഞ്ഞ വര്‍ഷം പ്രതിദിനം 5,10,000 ബാരലാണ് ഇറാനില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്. 2017-18ല്‍ പൊതുമേഖലാ എണ്ണക്കന്പനികള്‍ ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണ പ്രതിദിനം 1,99,000 ബാരലായി കുറഞ്ഞിട്ടുണ്ട്. സ്വകാര്യ എണ്ണ ഖനന കന്പനികളായ എസാര്‍, എച്ച്.പി.സി.എല്‍ മിത്തല്‍ എനര്‍ജി എന്നിവ കഴിഞ്ഞ വര്‍ഷത്തെ അതേ കോണ്‍ട്രാക്‌ട് പ്രകാരം യഥാക്രമം പ്രതിദിനം 1,20,000, 20,000 ബാരല്‍ എന്നിങ്ങനെ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാടിനെ കുറിച്ച് പ്രതികരിക്കാന്‍ പൊതുമേഖലാ എണ്ണക്കന്പനികളില്‍ ഭൂരിഭാഗവും തയ്യാറായില്ല. എസാര്‍, എം.ആര്‍.പി.എല്‍, എച്ച്.എം.ഇ.എല്‍ എന്നിവ പ്രതികരിക്കാന്‍ വിസമ്മതിച്ചു.














