ഇന്ന് ലോക പരിസ്ഥിതി ദിനം


: ഇന്ന് ലോക പരിസ്ഥിതി ദിനം ആഘോഷിക്കുമ്പോള്‍ കടല്‍കയറ്റത്തിന്റെ പാരിസ്ഥിതികാഘാതം സാമൂഹിക പ്രശ്‌നമാകുന്നു. കേരളത്തിന്റെ തീരദേശങ്ങള്‍ ഇല്ലാതാക്കിയുള്ള കടല്‍ കയറ്റം ജനങ്ങളുടെ ജീവനും സ്വത്തുക്കളും നഷ്ടപ്പെടുത്തുമ്പോള്‍ ഇതിനെ പ്രതിരോധിക്കാനുള്ള പരിസ്ഥിതി അനുകൂല ഘടകങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ് നേടുകയാണ് തീരദേശ മേഖല.


കടല്‍കയറ്റത്തിന് കാരണമായി ആഗോളതാപനം വിലയിരുത്തപ്പെടുമ്പോഴും കരയെ കവര്‍ന്നെടുക്കുന്ന പ്രതിഭാസം നാടിന്റെ സാമൂഹിക വ്യവസ്ഥകളെ മാറ്റിമറിക്കുകയാണ്. കേരളത്തിന്റെ 580 കിലോമീറ്റര്‍ തീരദേശത്തെ കര കടല്‍ കവര്‍ന്നെടുത്തപ്പോള്‍ നഷ്ടപ്പെട്ടത് സങ്കീര്‍ണമായ ആവാസ വ്യവസ്ഥിതിയാണ്. വനനശീകരണമെന്നപോലെ തീരദേശങ്ങളിലെ വൃക്ഷ നാശവും കണ്ടല്‍ക്കാടുകളുടെ ഉന്മൂലനവും കടല്‍കയറ്റം രൂക്ഷമാകുവാനിടയാക്കിയതായാണ് ശാസ്ത്ര പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.ജീവനം വന്യ ജീവനിലൂടെ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇത്തവണത്തെ പരിസ്ഥിതി ദിനം കൊണ്ടാടുന്നത്. പരിസ്ഥിതിക്കായി മനുഷ്യന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിച്ചാണ് വീണ്ടുമൊരു പരിസ്ഥിതി ദിനം എത്തിയിരിക്കുന്നത്. എങ്കിലും എല്ലാ വര്‍ഷവും ഇതേ ദിനത്തില്‍ മുന്നോട്ട് ഉയര്‍ത്തുന്ന പരിസ്ഥി മുദ്രാവാക്യങ്ങളെല്ലാം കാറ്റില്‍ പറത്തുന്ന രീതിയില്‍ ലോകം ദുരന്തത്തിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്.


വനജീവിതത്തിന് നേരെയുള്ള കയ്യേറ്റങ്ങള്‍ അവസാനിപ്പിക്കാന്‍ ഊര്‍ജിതമായി പരിശ്രമിക്കേണ്ടതുണ്ടെന്ന സന്ദേശമാണ് ഇത്തവണത്തെ പരിസ്ഥിതി ദിനം മുന്നോട്ടുവെക്കുന്നത്. മനുഷ്യന്റെ കടന്നുകയറ്റത്തെ തുടര്‍ന്ന് ഇല്ലാതായി കൊണ്ടിരിക്കുന്ന പച്ചപ്പും പ്രകൃതിയും കാലാവസ്ഥാ മാറ്റത്തിലൂടെ മനുഷ്യനു നേരെ പ്രതികരിക്കുന്നത് തിരിച്ചറിഞ്ഞ് പരിസ്ഥിതി സംരക്ഷണ പാതയിലേക്ക് എത്തിച്ചേരാന്‍ ഇപ്പോഴും വിസമ്മതിക്കുകയാണ് മനുഷ്യര്‍.



Sharing is Caring