ഇന്ന് രാത്രി വളരെ നിർണായകമെന്ന് മുഖ്യമന്ത്രി; അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിച്ച് തീവ്രന്യൂനമര്‍ദമായി മാറിയ സാഹചര്യത്തിൽ ഇന്ന് രാത്രി കേരളത്തിന് വളരെ നിര്‍ണായകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലാവസ്ഥ വകുപ്പ് റെഡ് , ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലും സമീപ ജില്ലകളിലും അതിതീവ്ര മഴയോ അതിശക്തമായ മഴയോ ഉണ്ടാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ചുഴലിക്കാറ്റിന്‍റെ വികാസവും സഞ്ചാരവും. നാളെ പകലോട് കൂടി തന്നെ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് വടക്കോട്ട് നീങ്ങാനുള്ള സാധ്യതയും കാണുന്നുണ്ടെന്നും എന്നിരുന്നാലും ജാഗ്രത കൈവിടാതിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടുത്ത 24 മണിക്കൂറില്‍ ഇതിന്‍റെ ശക്തി വര്‍ധിച്ച് ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. ചുഴലിക്കാറ്റിന്‍റെ പ്രവചിക്കപ്പെട്ടിരിക്കുന്ന സഞ്ചാര പഥത്തില്‍ കേരളമില്ല. ന്യൂനമര്‍ദ കേന്ദ്രത്തിന്‍റെ നിലവിലെ സ്ഥാനം കേരള തീരത്ത് നിന്ന് അധികം അകലെയല്ല. അതുകൊണ്ടുതന്നെ കേരളത്തില്‍ മെയ് 16 വരെ അതിതീവ്ര മഴയും ശക്തമായ കാറ്റും രൂക്ഷമായ കടല്‍ക്ഷോഭവും തുടരുമെന്നാണ് മുന്നറിയിപ്പ്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും അതീവ ജാഗ്രത തുടരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *