ഇന്ന് കൊട്ടിക്കലാശം ആത്മവിശ്വാസത്തോടെ എല്‍ഡിഎഫ്


പാലക്കാട് ; തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള പരസ്യ പ്രചാരണം ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് അവസാനിക്കുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ തികച്ചും രാഷ്ട്രീയവും വികസനവും ചര്‍ച്ചചെയ്ത് ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് എല്‍ഡിഎഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ഘടകം. എല്ലാവാര്‍ഡുകളിലും മികച്ച സ്ഥാനാര്‍ഥികളെ കണ്ടെത്തിയെന്നതും ചിട്ടയായ സംഘടനാപ്രവര്‍ത്തനവും എല്‍ഡിഎഫിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.ഞായറാഴ്ച എല്ലായിടങ്ങളിലും വീടുകള്‍ കയറിയിറങ്ങിയുള്ള സ്ക്വാഡ് പ്രവര്‍ത്തനമായിരുന്നു. വന്‍തോതില്‍ അനുഭാവികളും പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന സ്കാഡുകളാണ് എല്‍ഡിഎഫിനുവേണ്ടി രംഗത്തിറങ്ങിയത്. ചൊവ്വാഴ്ച വൈകിട്ട് എല്ലാ പഞ്ചായത്തുകേന്ദ്രങ്ങളിലും കൊട്ടിക്കലാശം ഉജ്വലമാക്കാനാണ് മുന്നണികള്‍ തയ്യാറെടുക്കുന്നത്. പഞ്ചായത്ത്, നഗരസഭാകേന്ദ്രങ്ങളില്‍ വന്‍ ജനപങ്കാളിത്തത്തോടെ റോഡ്ഷോ നടത്താന്‍ എല്‍ഡിഎഫും തയ്യാറെടുക്കുന്നു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള കിണാശേരിയിലാണ് ആദ്യത്തെ പഞ്ചായത്ത്റാലിക്ക് തുടക്കംകുറിച്ചത്. തുടര്‍ന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം എന്നിവര്‍ വിവിധ റാലികളില്‍ പങ്കെടുത്തു. കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലന്‍ എംഎല്‍എ നിരവധി കുടുംബയോഗങ്ങളിലും പങ്കെടുത്തു. ജില്ലാസെക്രട്ടറി സി കെ രാജേന്ദ്രന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം ചന്ദ്രന്‍ എംഎല്‍എ, പി ഉണ്ണി, എന്‍ എന്‍ കൃഷ്ണദാസ്, എം ബി രാജേഷ് എംപി എന്നിവരും കുടുംബയോഗങ്ങളില്‍ പങ്കെടുത്തു. എല്‍ഡിഎഫ്നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, ബിനോയ് വശ്വം, ഉഴവൂര്‍ വിജയന്‍ എന്നിവരും വിവിധ യോഗങ്ങളില്‍ പ്രസംഗിച്ചു.




Sharing is Caring