ഇന്ന് അറഫാ സംഗമം; ഹജ്ജ് തീർത്ഥാടകർ മിനായിൽ നിന്നും അറഫയിലേക്ക് ഒഴുകുന്നു

ഇന്ന് അറഫാ സംഗമം. ഹജ്ജ് തീർത്ഥാടകർ മിനായിൽ നിന്നും അറഫയിലേക്ക് ഒഴുകുകയാണ്. ഇന്നത്തെ പകൽ മുഴുവൻ അറഫയിൽ പ്രാർത്ഥനയുമായി കഴിയുന്ന തീർത്ഥാടകർ രാത്രി മുസ്ദലിഫയിലേക്ക് നീങ്ങും.

ഹജ്ജ് തീർത്ഥാടകരെല്ലാം പ്രതീക്ഷയോടെ കാത്തിരുന്ന സുദിനമാണ് ഇന്ന്. ഇന്നത്തെ പകൽ മുഴുവൻ തീർത്ഥാടകർ അറഫയിൽ സംഗമിക്കും. ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങിന്റെ ഭാഗമാകാൻ തീർത്ഥാടക ലക്ഷങ്ങൾ ഇന്നലെ രാത്രിയോടെ തന്നെ മിനായിൽ നിന്ന് യാത്ര ആരംഭിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് മുമ്പായി എല്ലാ തീർത്ഥാടകരും അറഫയിൽ എത്തുമെന്നാണ് പ്രതീക്ഷ.

മിനായില്‍ നിന്നും ഏതാണ്ട് 15 കിലോമീറ്റര്‍ അകലെയുള്ള അറഫയിലേക്ക് ബസുകളിലും മെട്രോയിലുമായാണ് തീര്‍ഥാടകര്‍ പോകുന്നത്. അറഫയിലെ മസ്ജിദു നമിറയില്‍ ഇന്ന് നടക്കുന്ന നമസ്കാരത്തിനും ഖുതുബയ്ക്കും ശൈഖ് മാഹിര്‍ അല്‍ മുഐഖിലി’ നേതൃത്വം നല്കും. പ്രവാചകന്‍ തന്‍റെ വിടവാങ്ങല്‍ പ്രസംഗം നടത്തിയ ജബല്‍ റഹ്മ എന്ന മല തീര്‍ഥാടകരെ കൊണ്ട് നിറയും. മക്കയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന തീര്‍ഥാടകരെ ആംബുലന്‍സുകളില്‍ അറഫയില്‍ എത്തിക്കും. ഇന്ന് സൂര്യൻ അസ്തമിക്കുന്നതോടെ അറഫയിൽ നിന്ന് മുസ്ദലിഫയിലേക്ക് നീങ്ങുന്ന തീർത്ഥാടകർ രാത്രി മുസ്ദലിഫയിലെ തുറന്ന മൈതാനത്തു കഴിയും. മിനായിലെ ജംറകളിൽ എറിയാനുള്ള കല്ലുകൾ ശേഖരിച്ചു നാളെ രാവിലെ ഹാജിമാർ മിനായിൽ തിരിച്ചെത്തും. ബലിപെരുന്നാൾ ദിവസമായ നാളെയാണ് മിനായിലെ ജംറകളിൽ കല്ലേറ് കർമം ആരംഭിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *