അഷ്ടദിക്കുകളില്‍ നിന്ന് അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കിയെത്തിയ ഹാജിമാര്‍ ഇന്ന് അറഫയില്‍ സംഗമിക്കും. ലോകത്തിലെ ഏറ്റവും വലിയ ജനസംഗമമായാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാസംഗമം കണക്കാക്കപ്പെടുന്നത്.
ഇന്നലെ മിനയില്‍ രാപാര്‍ത്ത ഹാജിമാര്‍ രാത്രി നിസ്‌കാരത്തിനു ശേഷം അറഫയിലെത്തി തുടങ്ങി. ഇന്നു ളുഹ്‌റിനു മുമ്പായി മുഴുവന്‍ ഹാജിമാരും അറഫയില്‍ സംഗമിക്കും. ഇന്നലെ പുലര്‍ച്ചെയാണ് മലയാളികളടക്കമുള്ള ഇന്ത്യന്‍സംഘം മിനായിലെ തമ്പിലെത്തിയത്.

പ്രഭാതനിസ്‌കാരത്തിനു ശേഷം ഒരു ദിവസം പ്രാര്‍ഥനകളുമായി കഴിച്ചുകൂട്ടാനും വിശ്രമിക്കാനും ഇത്തവണ മലയാളി ഹാജിമാര്‍ക്ക് അവസരം ലഭിച്ചു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ഖിന്റെ നേതൃത്വത്തില്‍ പ്രതിനിധിസംഘം മിനയിലെ തമ്പുകളിലെത്തി ഹാജിമാരുടെ സൗകര്യങ്ങള്‍ വിലയിരുത്തി.
രാത്രിയോടെ മശാഇര്‍ ട്രെയിനിലും ബസിലും കാല്‍നടയായും തീര്‍ഥാടകര്‍ അറഫയിലേക്ക് പുറപ്പെട്ടു. ഇന്ന് സുബ്ഹി നിസ്‌കാരത്തിന് അറഫയില്‍ എത്തുംവിധമാണ് മലയാളികളുടെ യാത്ര ക്രമീകരിച്ചത്. നേരത്തെ എത്തിയ മലയാളി സംഘം മസ്ജിദു നമീറയിലും കാരുണ്യത്തിന്റെ പര്‍വതമായ ജബലുറഹ്മയിലും ഇടംപിടിച്ചു.
പ്രവാചകന്‍ മുഹമ്മദ് നബി വിടവാങ്ങല്‍ പ്രസംഗം നടത്തിയ ജബലുറഹ്മ (കാരുണ്യത്തിന്റെ പര്‍വതം) യില്‍ ഇരിപ്പിടം കണ്ടെത്താനുമുള്ള തിടുക്കത്തിലുമായിരുന്നു വിശ്വാസികള്‍. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ അറഫയിലെ നമീറാ പള്ളിയില്‍ ഖുതുബ നടക്കും.













