ഇന്ത്യ- ശ്രീലങ്ക മൂന്നാം ടെസ്റ്റിന് ഇന്ന് തുടക്കം: ചരിത്രമെഴുതാന്‍ ഇന്ത്യന്‍ ടീം

ചരിത്ര നേട്ടത്തിനരികിലാണ് വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം. വിദേശ രാജ്യത്ത് ടെസ്റ്റ് പരമ്പര തൂത്തുവാരുന്ന ആദ്യ ഇന്ത്യന്‍ ടീമെന്ന റെക്കോര്‍ഡാണ് കോഹ്‌ലിയേയും സംഘത്തേയും കാത്തിരിക്കുന്നത്. ശ്രീലങ്കക്കെതിരായ മൂന്നാമത്തേയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് പല്ലെക്കീലില്‍ ആരംഭിക്കുമ്പോള്‍ ആ ചരിത്ര നേട്ടം സ്വന്തമാക്കുകയാണ് ടീം ലക്ഷ്യമിടുന്നത്. ആദ്യ രണ്ട് ടെസ്റ്റുകളിലും ഉജ്ജ്വല വിജയം കുറിച്ച് ഇന്ത്യ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര 2-0ത്തിന് സ്വന്തമാക്കി കഴിഞ്ഞു. മൂന്നാം പോരാട്ടത്തിലും വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ മുന്നില്‍ കാണുന്നില്ല. സ്വന്തം നാട്ടില്‍ വെള്ള പൂശല്‍ ഒഴിവാക്കിയെടുക്കുകയെന്ന ലക്ഷ്യമാണ് ലങ്കന്‍ സംഘത്തിനുള്ളത്. അതുകൊണ്ട് തന്നെ അവസാനം വരെ പോരാടാനുള്ള ഒരുക്കത്തിലാണ് അവര്‍. അതാണ് ലക്ഷ്യമെന്ന് നായകന്‍ ചാന്‍ഡിമല്‍ വ്യക്തമാക്കി കഴിഞ്ഞു.
ആദ്യ ടെസ്റ്റില്‍ 304 റണ്‍സിനും രണ്ടാം ടെസ്റ്റില്‍ ഒരിന്നിങ്‌സിനും 53 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. ഈ രണ്ട് ടെസ്റ്റുകളിലും ബാറ്റ് കൊണ്ടും പന്ത് കൊണ്ടും വിസ്മയങ്ങള്‍ കാണിച്ച രവീന്ദ്ര ജഡേജ മൂന്നാം ടെസ്റ്റില്‍ സസ്‌പെന്‍ഷനെ തുടര്‍ന്ന് കളിക്കില്ല എന്നത് മാത്രമാണ് ഇന്ത്യക്ക് വേവലാതിയുണ്ടാക്കുന്ന ഏക ഘടകം. ബാറ്റിങിലും ബൗളിങിലും ടീം സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതും പരമ്പര നേടിയതും ഇന്ത്യക്ക് സമ്മര്‍ദ്ദമില്ലാതെ കളിക്കാനുള്ള അവസരമാണ് നല്‍കുന്നത്.
പരമ്പര നേടിയതിനാല്‍ ഇന്ത്യ ഉമേഷ് യാദവിന് പകരം ഭുവനേശ്വര്‍ കുമാറിന് അവസരം നല്‍കിയേക്കും. ജഡേജയ്ക്ക് പകരം ടീമിലെത്തിയ അക്‌സര്‍ പട്ടേലിന് ഇന്ന് ടെസ്റ്റില്‍ അരങ്ങേറാനുള്ള അവസരം ലഭിച്ചേക്കില്ല. ജഡേജയ്ക്ക് പകരം കുല്‍ദീപ് യാദവിനാണ് സാധ്യത നിലനില്‍ക്കുന്നത്.
പരുക്കേറ്റ നുവാന്‍ പ്രദീപ്, രംഗണ ഹെറാത്ത് എന്നിവര്‍ക്ക് പകരം ലങ്ക ദുഷ്മന്ത ചമീര, ലഹിരു ഗമഗെ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും.
സാധ്യതാ ടീം: ഇന്ത്യ- കോഹ്‌ലി (ക്യാപ്റ്റന്‍), ധവാന്‍, രാഹുല്‍, പൂജാര, രഹാനെ, അശ്വിന്‍, സാഹ, ഹാര്‍ദിക്, ഭുവനേശ്വര്‍ കുമാര്‍ (ഉമേഷ് യാദവ്), കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി.
ശ്രീലങ്ക- ചാന്‍ഡിമല്‍ (ക്യാപ്റ്റന്‍), ഉപുല്‍ തരംഗ, കരുണരത്‌നെ, കുശാല്‍ മെന്‍ഡിസ്, മാത്യൂസ്, ഡിക്ക്‌വെല്ല, ധനഞ്ജയ ഡിസില്‍വ, ദില്‍റുവന്‍ പെരേര, ദുഷ്മന്ത ചമീര, വിശ്വ ഫെര്‍ണാണ്ടോ, ലഹിരു കുമാര.

Spread the love

Leave a Reply

Your email address will not be published. Required fields are marked *