അനിൽ കുംബ്ലെയുടെ പരിശീലക വേഷത്തിനു തുടക്കമിട്ട് ഇന്ത്യ-വെസ്റ്റിൻഡീസ് ആദ്യ ക്രിക്കറ്റ് ടെസ്റ്റ് നാളെ മുതൽ ആന്റിഗ്വയിൽ. നായകനെന്ന നിലയിലുള്ള വിരാട് കോഹ്‌ലിയുടെ സമ്പൂർണ വിദേശ പര്യടനത്തിനും അരങ്ങൊരുങ്ങുന്നു. കളിക്കളത്തിൽ പ്രതിഭ കൊണ്ടും കഠിനാധ്വാനം കൊണ്ടും ചരിത്രം രചിച്ച കുംബ്ലെ ആദ്യ പരമ്പരയ്ക്കായി തന്ത്രങ്ങളൊരുക്കുന്ന തിരക്കിൽ.
ആദ്യ അങ്കത്തിനൊരുങ്ങുമ്പോൾ ടീം എങ്ങനെ വേണമെന്നതിൽ കൂട്ടികിഴിക്കലുകളിലാണ് മാനേജ്‌മെന്റ്. അഞ്ചു ബൗളർമാരെ അണിനിരത്താനാണ് താത്പര്യം. വിരാടും കുംബ്ലെയുമെല്ലാം അഞ്ച് ബൗളർ വേണമെന്ന പക്ഷക്കാരാണെന്നതിനാൽ പ്രത്യേകിച്ച്. ആന്റിഗ്വയിലെ പിച്ച് പേസർമാരെ തുണയ്ക്കാൻ സാധ്യതയുള്ളതിനാൽ മൂന്നു പേസറും ഒരു സ്പിന്നറും ഉറപ്പ്.

ഇഷാന്തും ഷാമിയും ഭുവനേശ്വറുമാകും പേസർമാരെങ്കിൽ, അശ്വിൻ സ്പിന്നർ. എന്നാൽ, അഞ്ചാമത്തേതിലേക്ക് സ്പിന്നറെ പരിഗണിച്ചാൽ ലെഗ് സ്പിന്നർ അമിത് മിശ്രയ്ക്ക് നറുക്ക് വീഴും. ഓൾറൗണ്ടർമാരെങ്കിൽ സ്റ്റുവർട്ട് ബിന്നിയോ രവീന്ദ്ര ജഡേജയോ എത്തിയേക്കും.
ബാറ്റിങ്ങിൽ മുരളി വിജയ് ഓപ്പണറുടെ റോളിൽ ഉറപ്പ്. ശിഖർ ധവാനോ, കെ.എൽ. രാഹുലോ എന്നതാകും ചിന്താവിഷയം. വിരാടും അജിങ്ക്യയും മധ്യനിരയിലുണ്ടാകും. രോഹിത് ശർമ, ചേതേശ്വർ പൂജാര എന്നിവരിലൊരാൾക്ക് നറുക്ക് വീഴും. വിക്കറ്റ് കീപ്പറായി വൃദ്ധിമാൻ സാഹയെത്തും. അന്തിമ ടീമിനെ ഇന്നോ നാളെയോ പ്രഖ്യാപിക്കും.













