ഇന്ത്യ-വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത് തന്നെ

തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന്‍റെ വേദിയെ ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനമായി. നവംബറില്‍ നിശ്ചയിച്ചിരിക്കുന്ന ഏകദിനം തിരുവനന്തപുരത്ത് നടത്താന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) തത്വത്തില്‍ തീരുമാനിച്ചു. രാവിലെ കായികമന്ത്രി എ.സി.മൊയ്തീനുമായി കെസിഎ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച ധാരണയുണ്ടായത്. കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയുമായി സംസാരിച്ചത്.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഏകദിനത്തിന് വേദിയാക്കുന്നത് സംബന്ധിച്ച്‌ ഐഎസ്‌എല്‍ ടീം ഉടമകളായ കേരള ബ്ലാസ്റ്റേഴ്സുമായി കെസിഎ തര്‍ക്കത്തിലായിരുന്നു. ഫിഫ അണ്ടര്‍-17 ലോകകപ്പിന് മുന്നോടിയായി തയാറാക്കിയ ടര്‍ഫ് ക്രിക്കറ്റിനായി പൊളിക്കുന്നുവെന്ന് ആരോപിച്ച്‌ ഫുട്ബോള്‍ താരങ്ങളും മറ്റ് പ്രമുഖരും രംഗത്തുവരികയും ചെയ്തിരുന്നു. വിഷയത്തില്‍ സമവായത്തിനായി ജിസിഡിഎ കഴിഞ്ഞ ദിവസം ഇരു കൂട്ടരുമായും സംസാരിച്ചിരുന്നു. അതിന്‍റെ തുടര്‍ച്ചയായിട്ടാണ് കായികമന്ത്രി വിഷയത്തില്‍ ഇടപെട്ടത്.

വിവാദങ്ങള്‍ ഒഴിവാക്കി ക്രിക്കറ്റ് തിരുവനന്തപുരത്തെ സ്റ്റേഡിയത്തില്‍ നടത്തണമെന്ന് കെസിഎയോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ക്രിക്കറ്റും ഫുട്ബോളും ഒരേസമയം വരുന്പോഴുള്ള പ്രശ്നം ഒഴിവാക്കാന്‍ കൊച്ചിയില്‍ ക്രിക്കറ്റിനായി പുതിയ സ്റ്റേഡിയം നിര്‍മിക്കാന്‍ സര്‍ക്കാര്‍ സഹായവും മന്ത്രി വാഗ്ദാനം ചെയ്തു. ഇതോടെ കെസിഎ സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാന്‍ തയാറാവുകയായിരുന്നു.

മത്സരം തിരുവനന്തപുരത്ത് നടത്താന്‍ കെസിഎ സമ്മതിച്ചെങ്കിലും ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. കെസിഎ ജനറല്‍ ബോഡി യോഗത്തിന് ശേഷമായിരിക്കും തീരുമാനം പ്രഖ്യാപിക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *