ഇന്ത്യ ബംഗ്ലാദേശ് സെമിഫൈനല്‍ നാളെ


ഐ സി സി ചാമ്ബ്യന്‍സ് ട്രോഫിയില്‍ നാളെ (ജൂണ്‍ 15 വ്യാഴാഴ്ച) ഇന്ത്യ ബംഗ്ലാദേശ് സെമിഫൈനല്‍. ഗ്രൂപ്പ് ബിയിലെ ചാമ്ബ്യന്മാരായിട്ടാണ് ഇന്ത്യ സെമി ഫൈനല്‍ കളിക്കാന്‍ ഇറങ്ങുന്നത്. എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരാണ് ഇന്ത്യയുടെ എതിരാളികളായ ബംഗ്ലാദേശ്. ഇന്ത്യ മൂന്ന് കളിയില്‍ രണ്ടെണ്ണം ജയിച്ചു. ബംഗ്ലാദേശാകട്ടെ ന്യൂസിലന്‍ഡിനോട് ജയിച്ചു, ഓസ്‌ട്രേലിയ്‌ക്കെതിരായ കളി മഴ മുടക്കി. ഇംഗ്ലണ്ടിനോട് തോറ്റു.
ബാറ്റിംഗിലും ബൗളിംഗിലും പറയത്തക്ക ആവലാതികളൊന്നും ഇല്ലാതെയാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ ഇറങ്ങുന്നത്. കളിച്ച മൂന്ന് മത്സരങ്ങളിലും ഇന്ത്യന്‍ ബാറ്റിംഗ് ശരിക്കും തിളങ്ങി. ശ്രീലങ്കയ്‌ക്കെതിരായ ഒരു കളി ഒഴിച്ചുനിര്‍ത്തിയാല്‍ ബൗളിംഗും തരക്കേടില്ല. എന്ന് കരുതി ബംഗ്ലാദേശിനെ നിസാരരാക്കി കളിക്കാനിറങ്ങിയാല്‍ ഇന്ത്യ ചിലപ്പോള്‍ വലിയ വില കൊടുക്കേണ്ടിയും വന്നേക്കും. 2007 ഏകദിന ലോകകപ്പിലും മറ്റും ഇന്ത്യയെ തോല്‍പിച്ച ടീമാണ് ബംഗ്ലാദേശ്.
കരുത്തരായ ന്യൂസിലന്‍ഡ് ബൗളിംഗിനെതിരെ, തുടക്കത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടമായിട്ടും പൊരുതിക്കയറിയതിന്റെ ആത്മവിശ്വാസമാകും ബംഗ്ലാദേശിന്റെ കരുത്ത്. മഹ്മദുളളയും ഷക്കീബ് അല്‍ ഹസനും ബാറ്റ് ചെയ്ത ഈ ഘട്ടം ഒഴിച്ചുനിര്‍ത്തിയാല്‍ തമീം ഇഖ്ബാലിന്റെ ബാറ്റിംഗ് മാത്രമാകും ബംഗ്ലാദേശിന് ഈ പരമ്ബരയില്‍ ഓര്‍ക്കാനുണ്ടാകുക. ബാറ്റിംഗിലും ബൗളിംഗിലും ശരാശരി മാത്രമായിരുന്നു ബംഗ്ലാ ടീം ഈ ചാമ്ബ്യന്‍സ് ട്രോഫിയില്‍.




Sharing is Caring