അതിർത്തി സുരക്ഷാ നിയമങ്ങളെ കാറ്റിൽ പറത്തി ഇന്ത്യ- പാകിസ്ഥാൻ അതിർത്തിയിൽ ഹൈബ്രിഡ് വൈദ്യുതിനിലയം നിർമിക്കാൻ ഗൗതം അദാനിക്ക് മോദി സർക്കാരിന്റെ അനുമതി. ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ ഗൗതം അദാനി നിർമിക്കുന്ന ശുദ്ധ ഊർജ പദ്ധതിയായ ഖാവ്ഡ പ്ലാന്റിനായി അതിർത്തി സുരക്ഷാ നിയമങ്ങൾ ഇളവുചെയ്തതായി ബ്രിട്ടീഷ് പത്രമായ ‘ദ ഗാർഡിയൻ’ റിപ്പോർട്ട് ചെയ്യുന്നു.ലോകത്തെ ഏറ്റവുംവലിയ ശുദ്ധ ഊർജ പദ്ധതിയായ ഖാവ്ഡ പ്ലാന്റിനായാണ് ഈ ഇളവുകൾ വരുത്തിയത്. തീരുമാനത്തിനെതിരെ സൈന്യത്തിനുള്ളിൽ നിന്നുയർന്ന ആശങ്കകളും വിദഗ്ധാഭിപ്രായങ്ങളും വകവെയ്ക്കാതെയാണ് മോദിസർക്കാർ ഈ നീക്കം നടത്തിയതെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു.
അതിർത്തിയിലെ തന്ത്രപ്രധാനമായ 445 ഏക്കർ ഭൂമിയാണ് ഗുജറാത്ത് സർക്കാർ വൈദ്യുതി നിലയത്തിനെന്ന പേരിൽ അദാനി ഗ്രൂപ്പിന് നൽകിയിട്ടുള്ളത്.ദേശീയ പ്രതിരോധ ചട്ടം ഇന്ത്യ- പാക് അതിർത്തിയിൽ 10 കിലോമീറ്റർ ദൂരത്തിൽ വരെ വലിയ നിർമാണങ്ങൾ അനുവദിച്ചിരുന്നില്ല. നിലവിലുള്ള ഗ്രാമങ്ങളും റോഡുകളുമേ പാടുണ്ടായിരുന്നുള്ളൂ. എന്നാൽ, അതിർത്തിയിൽ നിന്ന് വെറും ഒരു കിലോമീറ്റർ ദൂരത്തിലാണ് ഇപ്പോൾ അദാനി ഗ്രൂപ്പ് ഏക്കർ കണക്കിന് ഭൂമിയിൽ സോളാർ പാനൽ സ്ഥാപിച്ചിട്ടുള്ളത്. രണ്ട് കിലോമീറ്റർ ദൂരത്തിൽ കൂറ്റൻ കാറ്റാടികളുമുണ്ട്.അദാനിക്കുവേണ്ടി നിയമങ്ങളിൽ ഇളവുവരുത്താൻ ബിജെപിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാർ ഉന്നതങ്ങളിൽ സ്വാധീനംചെലുത്തി.

ഖാവ്ഡ പ്ലാന്റിന്റെ കാര്യം പ്രതിരോധമന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തണം എന്നാവശ്യപ്പെട്ട് 2023 ഏപ്രിലിൽ ഗുജറാത്ത് സർക്കാർ പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തു നൽകി. ഗുജറാത്ത് സർക്കാരിന്റെ സോളാർ പദ്ധതികൾ ചർച്ച ചെയ്യാൻ ഏപ്രിൽ 21ന് ഡൽഹിയിൽ രഹസ്യയോഗം നടന്നു.മിലിട്ടറി ഒപ്പറേഷൻസ് ഡയറക്ടർ ജനറലും ഗുജറാത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരും പുനരുപയോഗ ഊർജമന്ത്രാലയത്തിന്റെ പ്രതിനിധികളുമാണ് അതിൽ പങ്കെടുത്തത്. റാൻ ഓഫ് കച്ചിൽ സോളാർ പാനലുകളും കാറ്റാടിയന്ത്രങ്ങളും സ്ഥാപിക്കുന്നത് യുദ്ധസമയങ്ങളിൽ ടാങ്കുകളുടെ നീക്കത്തെ ബാധിക്കുമെന്ന ആശങ്ക യോഗത്തിലുയർന്നു. എന്നാൽ, പാനലുകൾ ശത്രു ടാങ്കുകളുടെ നീക്കം തടയുമെന്നാണ് അദാനി ഗ്രൂപ്പ് പറഞ്ഞത്. സോളാർ പാനലുകളുടെ വലുപ്പം ക്രമീകരിക്കണമെന്ന സൈനിക വിദഗ്ധർ ആവശ്യപ്പെട്ടു.
എന്നാൽ സാമ്പത്തികമായി ലാഭകരമല്ലെന്ന കാരണം പറഞ്ഞ് ഈ നിർദേശവും അദാനി ഗ്രൂപ്പ് തള്ളി.അങ്ങനെ പാകിസ്ഥാനിൽ നിന്ന് ഒരു കിലോമീറ്റർ അകലെ സോളാർ പാനലുകൾ നിർമിക്കാൻ സമവായമുണ്ടാക്കിയാണ് യോഗം അവസാനിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. യോഗം നടക്കുമ്പോൾ പാകിസ്ഥാനടുത്തുള്ള 230 ചതുരശ്രകിലോമീറ്റർ ഭൂമി സർക്കാർ സ്ഥാപനമായ സോളാർ എനർജി കോർപ്പറേഷനാണ് (എസ്ഇസിഐ) അനുവദിച്ചിരുന്നത്. യോഗ ശേഷം ഗുജറാത്ത് സർക്കാർ ഭൂമി തിരികെ വാങ്ങി.













