ഇന്ത്യ കൈയ്യടക്കാന്‍ മുസ്ലീങ്ങള്‍ പ്രസവിച്ചു കൂട്ടുന്നു; വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ


സംഘപരിവാര്‍ ശക്തികളുടെ മുസ്ലീം വിരുദ്ധ പ്രസ്താവനകള്‍ അവസാനിക്കുന്നില്ല. ഇന്ത്യ കയ്യടക്കാന്‍ മുസ്ലീങ്ങള്‍ പെറ്റുകൂട്ടുന്നു എന്ന വിവാദ പരാമര്‍ശമാണ് രാജസ്ഥാന്‍ ബിജെപി എംഎല്‍എ ബന്‍വാരി ലാല്‍ സിംഗാള്‍ നടത്തിയത്. 2030 ഓടെ ഹിന്ദുക്കളുടെ എണ്ണത്തെ മറികടക്കാനും രാജ്യത്തിന്റെ നിയന്ത്രണം കയ്യടക്കാനും മുസ്ലീങ്ങള്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കുകയാണെന്നുമായിരുന്നു എംഎല്‍എയുടെ പ്രസ്താവന. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സിംഗാള്‍ പരാമര്‍ശം നടത്തിയത്.


‘ഹിന്ദുക്കള്‍ കുട്ടികളുടെ എണ്ണം രണ്ടില്‍ ഒതുക്കുമ്‌ബോള്‍ മുസ്ലീങ്ങള്‍ പന്ത്രണ്ടും പതിനാലും കുട്ടികള്‍ക്ക് ജന്മം നല്‍കുകയാണ്;’ അല്‍വാര്‍ പാര്‍ലമെന്റ് സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബന്‍വാരി ലാല്‍ വര്‍ഗീയ പരാമര്‍ശം നടത്തിയിരിക്കുന്നത്.


ഇന്ത്യയിലെ മുസ്ലീം ജനസംഖ്യാ വളര്‍ച്ച പരിശോധിച്ച ശേഷമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതെന്നും അത് പിന്‍വലിക്കാന്‍ പോവുന്നില്ലെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ബന്‍വാരി ലാലിന്റെ മറുപടി. മുസ്ലീങ്ങളുടെ വര്‍ധനവ് ഹിന്ദുക്കളുടെ നിലനില്‍പ്പ് അപകടത്തിലാക്കും. മുസ്ലീങ്ങള്‍ ഭരണാധികാരികളായാല്‍ ഹിന്ദുക്കള്‍ രണ്ടാംകിട പൗരന്മാരായി മാറും. പ്രധാനമന്ത്രി, രാഷ്ട്രപതി, മുഖ്യമന്ത്രി എന്നീ പദങ്ങളില്‍ മുസ്ലീങ്ങളെ ഇരുത്താനുള്ള നീക്കമാണ് ഈ ജനസംഖ്യാ വര്‍ധനവ് എന്നും സിംഗാള്‍ പറഞ്ഞു.

മുസ്ലീങ്ങള്‍, ഹിന്ദുക്കള്‍ നല്‍കുന്ന നികുതിയും സര്‍ക്കാര്‍ സംവിധാനങ്ങളും ദുരുപയോഗം ചെയ്യുകയാണന്നും, മുസ്ലീം കുട്ടികളുടെ എണ്ണം രണ്ടിലൊതുക്കാന്‍ നിയമം കൊണ്ടുവരുമെന്നും സിംഗാള്‍ പ്രസംഗത്തില്‍ പറഞ്ഞു.



Sharing is Caring