ഇന്ത്യൻ ഫുട്ബോളിനുമുകളില് വീണ്ടും വിലക്കുഭീഷണി. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷൻ (എഐഎഫ്എഫ്) ഭരണഘടന പരിഷ്കരിച്ച് നടപ്പില്വരുത്തുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ആഗോള ഫുട്ബോള്‍ സംഘടനയായ ഫിഫയും ഏഷ്യൻ ഫുട്ബോള്‍ കോണ്‍ഫെഡറേഷനും (എഎഫ്സി) വിലക്കുഭീഷണിയുയർത്തിയിട്ടുള്ളത്.
പരിഷ്കരിച്ച ഭരണഘടന ഒക്ടോബർ 30-നകം നടപ്പാക്കിയില്ലെങ്കില്‍ ഫെഡറേഷൻ സസ്പെൻഷൻ അടക്കമുള്ള അച്ചടക്കനടപടികള്‍ നേരിടേണ്ടിവരുമെന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് ഫിഫയും എഎഫ്സിയും സംയുക്തമായി അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടന നടപ്പാക്കാത്തതില്‍ കടുത്ത ആശങ്കയും രേഖപ്പെടുത്തിയിട്ടുണ്ട്.

2022-ല്‍ ഫെഡറേഷനെ ഫിഫ സസ്പെൻഡു ചെയ്തിരുന്നു. ഒന്നാം ഡിവിഷൻ ലീഗ് (ഐഎസ്എല്‍) നടത്തിപ്പ് പ്രതിസന്ധിയിലായിരിക്കെ ഫുട്ബോള്‍ ഫെഡറേഷന് കനത്ത അടിയായി ഫിഫയുടെ ഭീഷണി. ഫെഡറേഷൻ ഭരണഘടന പരിഷ്കരണം നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതി ഉത്തരവുപ്രകാരമേ പുതുക്കിയ ഭരണഘടന ഫെഡറേഷന് നടപ്പാക്കാൻ കഴിയൂ.
പരിഷ്കരിച്ച ഭരണഘടന നടപ്പാക്കുന്നതില്‍ കാലാവധി നിശ്ചയിച്ചകാര്യം കോടതിയെയും കേന്ദ്ര കായികമന്ത്രാലയത്തെയും അറിയിക്കാൻ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫിഫയുടെ ചീഫ് മെമ്ബർ അസോസിയേഷൻ ഓഫീസർ എല്‍ഖാൻ മമ്മദോവും എഎഫ്സി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി വാഹിദ് കാർഡാനിയും സംയുക്തമായാണ് എഐഎഫ്എഫിന് കത്തിയച്ചത്.
വിലക്ക് നേരിട്ടാല്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് ഫുട്ബോള്‍ പ്രവർത്തനങ്ങള്‍ നടത്താൻ കഴിയില്ല. ദേശീയടീമിനും ക്ലബ്ബുകള്‍ക്കും അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാൻ കഴിയില്ല. ഒളിമ്ബിക്സ് ആതിഥ്യത്തിനായുള്ള ശ്രമങ്ങള്‍ക്കും തിരിച്ചടിയാകും. ഭരണഘടന പരിഷ്കരണവിഷയത്തിലെ കേസില്‍ സുപ്രീംകോടതി വ്യാഴാഴ്ച വാദംകേള്‍ക്കുന്നുണ്ട്.













