ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ട്രാൻസിറ്റ് വിസ ആവശ്യമില്ല;പ്രഖ്യാപനവുമായി ജര്‍മ്മനി


ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി ജര്‍മ്മനി. ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ഇനിമുതൽ ട്രാൻസിറ്റ് വിസ ആവശ്യമില്ല. മുൻപ് ജർമൻ എയർപോർട്ടുകൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകണമെങ്കിൽ പ്രത്യേക ട്രാൻസിറ്റ് വിസയ്ക്ക് അപേക്ഷിക്കണമായിരുന്നു. എന്നാൽ ഇനി മുതൽ ഈ പ്രത്യേക വിസയില്ലാതെ ജർമൻ വിമാനത്താവളങ്ങൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് യാത്ര ചെയ്യാനാകും.


ജർമനി-ഇന്ത്യ നയതന്ത്ര ബന്ധം കൂടുതൽ ദൃഢപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജർമനി ഈ പ്രത്യേക യാത്ര ഇളവ് ഇന്ത്യൻ വിദേശ യാത്രികർക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.ഇന്ത്യ-ജർമനി സംയുക്ത പ്രസ്താവനയിലാണ് പ്രഖ്യാപനം ഉള്ളത്. ജനുവരി 12 മുതൽ 13 വരെയുള്ള തിയതികളിൽ ജർമൻ ചാൻസലർ ഫ്രൈഡ്റിച്ച് മെഴ്സിന്‍റെ ഇന്ത്യാ സന്ദർശനത്തിന്‍റെ ഭാഗമായാണ് പ്രഖ്യാപനം. മേഴ്സ് ചാൻസിലറായ ശേഷം നടത്തുന്ന ആദ്യ ഇന്ത്യ സന്ദർശനവും ആദ്യ ഏഷ്യ സന്ദർശനവുമാണിത്.


വിസാ ഫ്രീ ട്രാൻസിറ്റ് ഏർപ്പെടുത്തിയ നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചാൻസലർ ഫ്രൈഡ്റിച്ച് മെഴ്സിനോട് നന്ദി അറിയിച്ചു. ജർമനി പ്രഖ്യാപിച്ച ട്രാൻസിറ്റ് വിസ ഇളവ് ഇന്ത്യൻ അന്തരാഷ്ട്ര യാത്രക്കാർക്ക് യാത്ര കൂടുതൽ സുഗമമാക്കും. കൂടാതെ ഇരു രാജ്യങ്ങളിലെ ജനങ്ങൾ തമ്മിലുള്ള ബന്ധവും കൂടുതൽ ദൃഢമാകാൻ സാഹചര്യമൊരുങ്ങുമെന്ന് ഇരു നേതാക്കളും ആവർത്തിച്ചു.

പഠനത്തിനും ഗവേഷണത്തിനും ജോലിക്കുമായി ജർമനിയിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും എണ്ണത്തിൽ ഗണ്യമായ വർധനവ് സംഭവിച്ചിട്ടുണ്ട്. ഇത് ജർമൻ സമ്പദ് വ്യവസ്ഥക്ക് നൽകുന്ന പങ്ക് വളരെ വലുതാണ്. ഇത് കൂടി പരിഗണിച്ചാണ് ജർമനി ഇന്ത്യക്കാർക്ക് യാത്ര ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.



Sharing is Caring