ഇന്ത്യയില്‍ മുസ്‌ലിംകളേക്കാള്‍ സുരക്ഷിതര്‍ പശുക്കള്‍: ശശി തരൂര്‍


പശു സംരക്ഷണത്തിന്റെ പേരില്‍ സംഘപരിവാര്‍ നടത്തുന്ന ആള്‍ക്കൂട്ട ആക്രമണത്തെ അപലപിച്ച് ശശി തരൂര്‍ എം.പി. ഇന്ത്യയില്‍ മുസ്‌ലിംകളേക്കാള്‍ സുരക്ഷിതര്‍ പശുക്കളാണെന്ന് അദ്ദേഹം പറഞ്ഞു.


എന്‍.ഡി.എ സര്‍ക്കാരനെതിരേ ടി.ഡി.പി കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ രാജ്യത്തെ ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ നിഷേധിച്ചുകൊണ്ടുള്ള ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയെ തള്ളിക്കൊണ്ട് എഴുതിയ ലേഖനത്തിലാണ് തരൂരിന്റെ ആരോപണം.


രാജ്യത്ത് അടുത്തിടെ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടില്ലെന്ന ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ അവകാശവാദവും തരൂര്‍ തള്ളുന്നുണ്ട്.

ബി.ജെ.പി അധികാരത്തിലെത്തിയ 2014 മുതല്‍ ഇതുവരെ രാജ്യത്തുണ്ടായ വിവിധ ഹിന്ദുത്വ ആക്രമണങ്ങളില്‍ 389 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും തരൂര്‍ പറയുന്നു.

15 കാരനായ ജുനൈദ് ഖാന്‍ ഡല്‍ഹിയില്‍ ട്രെയിനില്‍ വച്ച് ആള്‍ക്കൂട്ട മര്‍ദനത്തിന് ഇരയായി മരിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ നിരത്തുന്ന തരൂര്‍ നൂറിലധികം പേര്‍ക്ക് ഇത്തരം ആക്രമണങ്ങളില്‍ പരുക്കേറ്റെന്നും ലേഖനത്തില്‍ പറയുന്നു.

ഇത്തരം സംഭവങ്ങളെ കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ മാത്രം മതി രാജ്യത്തെ ഗോരക്ഷകരുടെ അതിക്രമങ്ങള്‍ വ്യക്തമാക്കാനെന്നും തരൂര്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്.



Sharing is Caring