ഇന്ത്യയില്‍ ഏകകക്ഷി ഭരണവാഴ്ചയ്ക്ക് തുടക്കം; ബിജെപി ഭരിക്കാനുള്ള തയ്യാറെടുപ്പിലാണ്

ത്രിപുര: ബിജെപി ഇന്ന് ഭരിക്കാനുള്ള തയ്യാറെടുപ്പിലാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനമുറപ്പിക്കണമെന്ന ദീര്‍ഘകാലത്തെ ബിജെപിയുടെ സ്വപ്നം അങ്ങനെ ഈ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ത്രിപുരയിലെ വിജയം ബിജെപിയെ സംബന്ധിച്ചുപോലും അപ്രതീക്ഷിതമായിരുന്നുവെന്ന് വേണം പറയാന്‍.2014ല്‍ രാജ്യമാകെ മോദി തരംഗം ആഞ്ഞടിച്ചപ്പോളും ത്രിപുരയില്‍ ് ചെറുവിരല്‍ അനക്കാന്‍ സാധിക്കാതിരുന്ന ബിജെപിയാണ് ഇന്ന് ഭരണത്തിന്റെ നെറുകയിലെത്തുന്നത്.ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ബൃഹത് പദ്ധതികള്‍ക്കുമുന്നില്‍ സിപിഐഎമ്മിന് അടിപതറിയിരിക്കുകയാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ അസം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ പിടിച്ചെടുക്കാനായത് ബിജെപിയ്ക്ക് വലിയ ആത്മവിശ്വാസം നല്‍കിയിരുന്നു.

ആത്മവിശ്വാസത്തോടെ തന്നെയാണ് ത്രിപുര, മേഘാലയ, നാഗാലാന്റ്, എന്നീ സംസ്ഥാനങ്ങളിലും പാര്‍ട്ടി പ്രചരണപരിപാടികള്‍ ആവിഷ്‌കരിച്ചത്. അതില്‍ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ശ്രദ്ദിച്ചത് രാജ്യത്തെ ചുവന്ന തുരുത്തായത്രിപുരയെ തന്നെയാണ്. 2013ല്‍ 50 സീറ്റുകളില്‍ 49 ഇടത്ത് മത്സരിച്ച ബിജെപിയ്ക്ക് അന്ന് കെട്ടിവച്ച കാശ് പോയിരുന്നു. അന്ന് പാര്‍ട്ടിയ്ക്ക് ലഭിച്ചത് വെറും 1.54 ശതമാനം മാത്രമായിരുന്നു. ആ സ്ഥാനത്ത് ഇന്ന് ബിജെപി നേടിയിരിക്കുന്നത് സംസ്ഥനത്തിന്റെ ഭരണം തന്നെയാണ്.

ചെങ്കോട്ടയില്‍ ഏതുവിധത്തിലും അധികാരം പിടിച്ചെടുക്കാനുള്ള തന്ത്രപാടിലായിരുന്നു ബിജെപി പ്രചരണപരിപാടികള്‍ ആവിഷ്‌കരിച്ചത്. വിഷന്‍ ഡോക്യുമെന്റ് എന്ന പേരില്‍ 28 പേജുള്ള പ്രകടനപത്രികയാണ് ബിജെപി ത്രിപുരയില്‍ ജനങ്ങള്‍ക്ക് മുന്നില്‍ മുന്നോട്ടുവെച്ചിരുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന അജണ്ടയാണ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എല്ലാവര്‍ക്കും ജോലി, സ്ത്രീകള്‍ക്ക് ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം, ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി യുവാക്കള്‍ക്ക് സൗജന്യ സ്മാര്‍ട്‌ഫോണ്‍, ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്, എല്ലാവര്‍ക്കും കുടിവെള്ളം, കുറഞ്ഞ സാമൂഹ്യക്ഷേമ പെന്‍ഷന്‍ 2000 രൂപ, കുറഞ്ഞ കൂലി 340 രൂപ തുടങ്ങി വാഗ്ദാനങ്ങളുടെ നീണ്ട പട്ടികയുമായാണ് ബിജെപി ജനങ്ങള്‍ക്ക് മുന്നിലെത്തിയത്.

തെരഞ്ഞെടുപ്പിന് ശേഷം വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളും ബിജെപിയെ സംബന്ധിച്ച് ആത്മവിശ്വാസം കൂട്ടുന്നതായിരുന്നു. ത്രിപുരയില്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്ന അഭിപ്രായസര്‍വെകള്‍ പുറത്തുവന്നതോടെ ശക്തമായ പ്രചരണമാണ് പാര്‍ട്ടി സംസ്ഥാനത്ത് നടത്തുന്നത്. ഇതിന്റെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ള നേതാക്കള്‍ സംസ്ഥാനത്തെത്തി വിവിധ കര്‍മ്മപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.

1993 മുതല്‍ സിപിഐഎമ്മാണ് ത്രിപുരയില്‍ അധികാരത്തിലുള്ളത്. രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഇടത്പക്ഷവും ബിജെപിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലായിരുന്നു. ഇരുപത്തഞ്ച് വര്‍ഷമായി സംസ്ഥാനത്ത് അധികാരത്തിലുണ്ടായിരുന്ന മുഖ്യമന്ത്രി മാണിക് സര്‍ക്കാരിന്റെ പ്രതിച്ഛായയൊന്നും സിപിഐഎമ്മിന് കരുത്തേകിയില്ല എന്ന് വേണം പറയാന്‍. അതേസമയം ത്രിപുരയിലെ ഈ മിന്നും വിജയം ബിജെപിയെ സംബന്ധിച്ച് ഇരട്ടി ആത്മവിശ്വാസവും ഊര്‍ജവും പകരുന്നതാണ്. വരുന്ന തെരഞ്ഞെടുപ്പുകളെ വീറോടെ നേരിടാന്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *