ഇന്ത്യയിലെ സ്വത്തുക്കള്‍ കൈവിട്ടു പോകുമെന്നുറപ്പായി; വിജയ് മല്യ തിരിച്ചു വരാന്‍ ഒരുങ്ങുന്നു


ന്യൂഡല്‍ഹി: വിവാദ വ്യവസായി വിജയ് മല്യ ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കള്‍ കൈവിട്ടുപോകാനുള്ള സാധ്യത തെളിഞ്ഞതോടെയാണ് ബ്രിട്ടനില്‍നിന്നു തിരിച്ചുവരാന്‍ മല്യ തയ്യാറാകുന്നത്. ഇതിനു വേണ്ടി കഴിഞ്ഞ രണ്ടു മാസമായി മല്യ ദൂതന്‍മാര്‍ മുഖേന ബന്ധപ്പെട്ട കേന്ദ്രങ്ങളെ മടങ്ങി വരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിച്ചു കൊണ്ടിരിക്കുകയാണ്.


ഇന്ത്യയില്‍ പുതുതായി നിലവില്‍ വന്ന പുതിയ ഓര്‍ഡിനന്‍സിലൂടെ സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യം വിടുന്നവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ രാജ്യത്തിന് അധികാരം ഉണ്ട്. ഇതുപയോഗിച്ച് ഇന്ത്യയിലുള്ള മല്യയുടെ സ്വത്തുക്കള്‍ അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തിരുന്നു. ഇതോടെയാണ് സ്വത്തുക്കള്‍ നിലനിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് മടങ്ങാനുള്ള ആഗ്രഹവുമായുള്ള മല്യയുടെ രംഗപ്രവേശനമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. നിലവില്‍ ബ്രിട്ടനില്‍നിന്നു മല്യയെ നാടുകടത്തണമെന്ന ഇന്ത്യയുടെ ആവശ്യത്തിനെതിരേ നിയമപോരാട്ടത്തിലാണ് മല്യ. ഇന്ത്യയിലെ തടവറകളുടെ നില അത്യന്തം പരിതാപകരമാണെന്ന വാദമുയര്‍ത്തിയാണ് മല്യയുടെ ഇതിനു തടസ്സം നില്‍ക്കുന്നത്.


പക്ഷേ പുതിയ ഓര്‍ഡിനന്‍സ് പ്രകാരം മല്യയുടെ സ്വത്തുക്കള്‍ കോടതി പിടിച്ചെടുക്കാന്‍ തീരുമാനിച്ചാല്‍ പിന്നീട് ഒരിക്കലും അത് ഉടമസ്ഥന് തിരികെ ലഭിക്കില്ല അത് മനസ്സിലാക്കിയാണ് മല്യയുടെ ഇപ്പോഴത്തെ മനംമാറ്റം. സ്വത്തുക്കള്‍ കോടതി പിടിച്ചെടുക്കാന്‍ അനുവധിച്ചാല്‍ വസ്തുക്കളുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനാകും. ഈ സ്വത്തുക്കള്‍ ലേലം ചെയ്തു കിട്ടുന്ന പണം ഉപയോഗിച്ച് തട്ടിപ്പിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാകും.

9,990.07 കോടി രൂപയാണ് പലിശയടക്കം മല്യ തിരിച്ചടക്കാനുള്ളത്. 13,500 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിട്ടുണ്ട്. മല്യ സര്‍ക്കാരിന് 6,203 കോടി രൂപ നല്‍കാനുണ്ടെന്നും ഇതിന് 11.5 ശതമാനം പലിശ ഈടാക്കണമെന്നും കടം വീണ്ടെടുക്കാനുള്ള ട്രൈബ്യൂണല്‍ അടുത്തിടെ വിധിച്ചിരുന്നു.



Sharing is Caring