റിയൊ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് പിന്തുണ നൽകിയും ആശംസയർപ്പിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. താരങ്ങൾക്ക് പ്രോത്സാഹനമായി കേന്ദ്ര കായിക മന്ത്രാലയം ന്യൂദൽഹിയിൽ സംഘടിപ്പിച്ച ‘റൺ ഫോർ റിയൊ’ കൂട്ടയോട്ടം മേജർ ധ്യാൻചന്ദ് സ്റ്റേഡിയത്തിൽ ഫഌഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
റിയൊയിൽ ഭാരത അത്‌ലറ്റുകൾ ലോകത്തിന്റെ ഹൃദയം കീഴടക്കുമെന്ന് മോദി പറഞ്ഞു. ഏറെ ത്യാഗങ്ങൾ സഹിച്ചാണ് നമ്മുടെ താരങ്ങൾ ഈ നിലയിലെത്തിയത്. മികച്ച പ്രകടനം തന്നെ അവർ പുറത്തെടുക്കും- പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു. ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പാക്കിയ കാര്യങ്ങളും മോദി പങ്കുവെച്ചു.

റിയോയിൽ താരങ്ങൾക്ക് ഇന്ത്യൻ ക്ഷണം നൽകാൻ നടപടിയെടുത്തുവെന്നും, ഇതിനായി പ്രത്യേക ഫണ്ട് അനുവദിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
താരങ്ങൾക്ക് നൽകുന്ന യാത്രാബത്തയിലെ അസമത്വം അവസാനിപ്പിച്ചുവെന്നും മോദി വ്യക്തമാക്കി. ഇത്തവണ താരങ്ങൾക്കും ഒഫീഷ്യലുകൾക്കും ഒരേ തുക ലഭിക്കും. ഒളിമ്പിക്‌സിനായി 125 കോടി രൂപ വകയിരുത്തി. ഓരോ താരത്തിനും 30 ലക്ഷം മുതൽ 1.5 കോടി രൂപ വരെ സർക്കാർ ചെലവിടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.













