ചെന്നൈ: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി) തമിഴ്‌നാട്ടില്‍ 8,250 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കുന്നു. ചെന്നൈ എന്നൂരില്‍ നിന്ന് തൂത്തുക്കുടി വരെ നീളുന്ന 1,250 കിലോമീറ്രര്‍ പൈപ്പ്‌ലൈന്‍ പദ്ധതിക്കായി 6,000 കോടി രൂപ ചെലവഴിക്കുമെന്ന് ഐ.ഒ.സി തമിഴ്‌നാട്-പുതുച്ചേരി മേഖലാ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ പി. ജയദേവന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
250 കോടി രൂപ ചെലവഴിച്ച് ബോട്ട്‌ലിംഗ് പ്ളാന്റുകള്‍ വിപുലീകരിക്കും. വിഴുപുരം അസനൂരില്‍ 470 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന പുതിയ ടെര്‍മിനല്‍ 2021 ജൂണില്‍ പ്രവര്‍ത്തനസജ്ജമാകും. 75 ഏക്കറിലാണ് പദ്ധതി ഒരുക്കുന്നത്. എന്നൂര്‍ തുറമുഖത്തിന് സമീപം വള്ളൂരില്‍ 700 കോടി രൂപയുടെ പുതിയ ടെര്‍മിനലിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സേലത്ത് 90 കോടി രൂപ നിക്ഷേപത്തോടെ നിര്‍മ്മിച്ച ബോട്ട്‌ലിംഗ് പ്ളാന്റില്‍ വാണിജ്യോത്‌പാദനത്തിന് തുടക്കമായി.

എന്നൂര്‍, മധുര, ഈറോഡ്, തിരുച്ചിറപ്പള്ളി, പുതുച്ചേരി ബോട്ട്‌ലിംഗ് പ്ളാന്റുകളിലായി സംഭരണശേഷി 6,000 മെട്രിക് ടണ്‍ ഉയര്‍ത്തിയിട്ടുണ്ട്. മൊത്തം 2.38 കോടി എല്‍.പി.ജി ഉപഭോക്താക്കള്‍ തമിഴ്‌നാട്ടിലുണ്ട്. ഇതില്‍, 1.36 ലക്ഷം പേര്‍ ഇന്ത്യന്‍ ഓയില്‍ ഉപഭോക്താക്കളാണ്. സംസ്‌ഥാനത്തെ 1,598 കൊമേഴ്‌സ്യല്‍ എല്‍.പി.ജി വിതരണക്കാരില്‍ 851 പേരും ഐ.ഒ.സിയുടെ ഒപ്പമാണ്. പുതിയ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ക്കായി 2,227 മേഖലകളില്‍ നിന്ന് അപേക്ഷ ലഭിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ഓയില്‍ 876 റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ സൗരോര്‍ജ പദ്ധതി നടപ്പാക്കിയെന്നും ഇതില്‍ 221 എണ്ണം ഗ്രാമീണ മേഖലകളിലാണെന്നും പി. ജയദേവന്‍ പറഞ്ഞു. മേട്ടുപ്പാളയത്തെ ഇന്ത്യന്‍ ഓയില്‍ ഔട്ട്‌ലെറ്റില്‍ ഹൈസ്‌പീഡ് ഡീസല്‍ പരീക്ഷണ അടിസ്ഥാനത്തില്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. 2020 ഏപ്രില്‍ മുതല്‍ ബി.എസ്-6 അധിഷ്‌ഠിത മാര്‍ഗനിര്‍ദേശം നടപ്പാകുന്നതിന്റെ പശ്‌ചാത്തലത്തിലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.













