ഇനി റെയില്‍വേ ബജറ്റില്ല; ഒറ്റ ബജറ്റിന് കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അംഗീകാരം


ഇനി മുതല്‍ റെയില്‍വേ ബജറ്റ് പ്രത്യേകമായി അവതരിപ്പിക്കില്ല. റെയില്‍വെയെ പൊതു ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു. റെയില്‍വേക്കുള്ള നീക്കിയിരുപ്പ് ഇനി പൊതു ബജറ്റില്‍ ഉള്‍പ്പെടുത്തും.


റെയില്‍ വേയ്ക്ക് പ്രത്യേകം ബജറ്റവതരിപ്പിക്കുന്നതിന് പകരം പൊതു ബജറ്റില്‍ റെയില്‍വേയും ഉള്‍പ്പെടുത്താനുള്ള റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ ശുപാര്‍ശ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലി നേരത്തെ അംഗീകരിച്ചിരുന്നു.


ലയനത്തോടെ റെയില്‍വേയുടെ സാമ്പത്തിക കൈകാര്യ ചുമതല ധനമന്ത്രാലയത്തിന്റെ പരിധിയില്‍ വരും. റെയില്‍വേ കൂലി വര്‍ധനവും മറ്റും തീരുമാനിക്കുന്നതും ഇനി ധനമന്ത്രാലയമായിരിക്കും.

റെയില്‍വേ മേഖലയ്ക്കായി പ്രത്യേക ബജറ്റ് എന്ന സംവിധാനം അവസാനിച്ചതോടെ 92 വര്‍ഷമായി തുടരുന്ന രീതി ചരിത്രമാകും . 1924 -25 സാമ്പത്തിക വര്‍ഷത്തിലാണ് റെയില്‍വേ ബജറ്റ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. എന്നാലിപ്പോള്‍ സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടിയാണ് പ്രത്യേക റെയില്‍വേ ബജറ്റ് വേണ്ടെന്നവെക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്.



Sharing is Caring