ഇത്തവണത്തെ ഐപിഎൽ സഞ്ജുവിനും പന്തിനും നിർണായകം: സഞ്ജയ് മഞ്ജരേക്കർ

ഇത്തവണത്തെ ഐപിഎൽ സഞ്ജുവിനും പന്തിനും നിർണായകമെന്ന് മുൻ ദേശീയ താരവും കമൻ്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. സ്ഥിരതയുള്ള പ്രകടനങ്ങളാണ് ഇരുവരും നടത്തേണ്ടതെന്നും അത്തരം പ്രകടനങ്ങൾ മാത്രമേ ദേശീയ ജഴ്സിയിൽ ഇരുവർക്കും അവസരം നൽകൂ എന്നും അദ്ദേഹം പറഞ്ഞു.

“ക്രിക്കറ്റിനെയും താരങ്ങളെയും ശ്രദ്ധിക്കുന്ന നിരീക്ഷകനെന്ന നിലയിൽ സഞ്ജുവിനെയും പന്തിനെയും മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടാണ്. എന്തായാലും, സ്ഥിരതയും മത്സരങ്ങൾ ജയിപ്പിക്കലുമാണ് ഇരുവർക്കും വേണ്ടത്. ഒരുപാട് ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്നുണ്ട്. താരങ്ങൾ ടീമിലെത്താൻ മത്സരിക്കുകയാണ്. അതുകൊണ്ട് തന്നെ സ്ഥിരതയാർന്ന പ്രകടനങ്ങൾ ഉണ്ടാവണം. ഒരു മികച്ച ഇന്നിംഗ്സും പിന്നീട് 3-4 മോശം പ്രകടനങ്ങളും മതിയാവില്ല.”- മഞ്ജരേക്കർ പറഞ്ഞു.

സെപ്തംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഐപിഎൽ നടക്കുക. അഞ്ച് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിൾ ഹെഡറുകളും ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും. മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്.
സീസണിൽ ടൈറ്റിൽ സ്പോൺസറായ വിവോ ഐപിഎലിനൊപ്പം ഉണ്ടാവില്ല. ചൈനയുമായി തുടരുന്ന രാഷ്ട്രീയ പ്രശ്നങ്ങൾക്കിടയിലും ചൈനീസ് കമ്പനിയായ വിവോയുമായി സ്പോൺസർഷിപ്പ് തുടരുമെന്നറിയിച്ച ബിസിസിഐക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു, ഇതിൻ്റെ പശ്ചാത്തലത്തിലാണ് നീക്കം. ഇതിനു പിന്നാലെ മറ്റ് ചൈനീസ് കമ്പനികളും ഐപിഎലിൽ നിന്ന് വിട്ട് നിൽക്കുമെന്ന് റിപ്പോർട്ട് വന്നിരുന്നു. ഓപ്പോ, ഷവോമി, റിയൽമി തുടങ്ങിയ കമ്പനികളാണ് ഐപിഎൽ ബഹിഷ്കരിക്കാൻ ഒരുങ്ങുന്നത്. ഇവർ ഐപിഎലിന് സ്പോൺസർഷിപ്പും ചാനൽ സംപ്രേഷണത്തിന് പരസ്യവും നൽകില്ലെന്നാണ് റിപ്പോർട്ട്. ഈ കമ്പനികൾ കൂടി പിൻവാങ്ങിയാൽ അത് ബിസിസിഐക്ക് കടുത്ത തിരിച്ചടിയാവും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *