ഇതര സംസ്ഥാനക്കാരെ ആക്രമിക്കുന്നതിനു പിന്നില്‍ ആരെന്നും എന്തെന്നും പോലീസ് അന്വേഷിക്കുന്നു


തിരുവനന്തപുരം: ( 07.02.2018) ഭിക്ഷാടന മാഫിയയെ തടയാന്‍ എന്ന പേരില്‍ സംസ്ഥാനത്തു പലയിടത്തും മറ്റു സംസ്ഥാനക്കാര്‍ക്കെതിരെ നടക്കുന്നത് കാരണമില്ലാത്ത അക്രമങ്ങള്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പോലീസ് ഇത് ഗൗരവത്തിലെടുത്ത് അന്വേഷണം തുടങ്ങി. കേരളത്തില്‍ ഭിക്ഷാടന മാഫിയ പ്രവര്‍ത്തിക്കുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് ഇതിന്റെകൂടി അടിസ്ഥാനത്തിലാണ്.


അതിനിടെ, സമൂഹമാധ്യമങ്ങളിലൂടെ ഭീതിപരത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിക്കും മുഖ്യമന്ത്രി പോലീസിന് നിര്‍ദേശം നല്‍കി. ബജറ്റ് പ്രസംഗത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികള്‍ എന്ന് വിശേഷിപ്പിച്ച്‌ ആദരിച്ചതിനു പിന്നാലെ കേരളത്തില്‍ ഇതര സംസ്ഥാനക്കാര്‍ക്കെതിരെ നടക്കുന്നത് കടന്നാക്രമണങ്ങളാണെന്നു വരുത്തി സര്‍ക്കാരിനെ മോശമാക്കാനുള്ള ശ്രമം കുപ്രചരണങ്ങള്‍ക്കു പിന്നില്‍ ഉണ്ടോ എന്നും പരിശോധിക്കുന്നു.


ഏതാനും ആഴ്ചകളായാണ് ഭിക്ഷാടന മാഫിയ, കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ എന്നിവയേക്കുറിച്ച്‌ വ്യാപക പ്രചരണം തുടങ്ങിയത് സമൂഹമാധ്യമങ്ങള്‍ വഴി പ്രത്യേകിച്ചും വാട്സാപ്പ് വഴി പ്രചരിച്ച സന്ദേശങ്ങള്‍ പലരും കൈമാറി കൈമാറി ഭീതി സൃഷ്ടിച്ചു. ചില സന്ദേശങ്ങള്‍ക്കൊപ്പം ചില ഇതര സംസ്ഥാനക്കാരുടെ ചിത്രങ്ങളും ഉണ്ടായിരുന്നു. അങ്ങനെയാണ് മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ തമിഴ്നാട്ടുകാരന്‍ വൃദ്ധനും കണ്ണൂരില്‍ തമിഴ്നാട്ടുകാരി സ്ത്രീയും ആക്രമിക്കപ്പെട്ടത്.

മലയാളിതന്നെയായ ട്രാന്‍സ് ജെന്‍ഡറിനെതിരെ തിരുവനന്തപുരം വലിയതുറയില്‍ ഉണ്ടായ ക്രൂര മര്‍ദനത്തിനു പിന്നിലും ഇതേതരം കുപ്രചരണമായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയ സംഘത്തിലെ അംഗം എന്ന് ആരോപിച്ചാണ് ട്രാന്‍സ് ജെന്‍ഡറിനെ ആക്രമിച്ചത്. ഈ ആരോപണം തെറ്റായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമാവുകയും ചെയ്തു. മര്‍ദനമേറ്റ വൃദ്ധനും സ്ത്രീയും ട്രാന്‍സ്ജെന്‍ഡറും ആശുപത്രിയിലാണ്.

സംസ്ഥാനവ്യാപകമായി ജനങ്ങളില്‍ ഭീതി പരത്തിയ കറുത്ത സ്റ്റിക്കര്‍ സംഭവം പ്രചരിപ്പിച്ചതും സമൂഹമാധ്യമങ്ങളാണ്. അത് പിന്നീട് ചില പോലീസ് ഉദ്യോഗസ്ഥരും ഏറ്റുപിടിച്ചത് സര്‍ക്കാര്‍ ഗൗരവത്തിലാണു കാണുന്നത്. ആദ്യം കറുത്ത സ്റ്റിക്കറുകള്‍ കണ്ടപ്പോള്‍ ഉണ്ടായ പേടിയും അതിനേക്കുറിച്ചു വന്ന വാര്‍ത്തകളും സ്വാഭാവികമായിരുന്നു. എന്നാല്‍ പിന്നീട് വ്യാപകമായി അഭ്യൂഹങ്ങള്‍ പ്രചരിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങളോ കവര്‍ച്ചാ സംഘങ്ങളോ ആണ് ഇങ്ങനെ വീടുകളുടെ ജനാലകളില്‍ അടയാളങ്ങള്‍ പതിക്കുന്നത് എന്ന പ്രചരണം വലിയ ഭീതിയാണ് പരത്തിയത്.

എന്നാല്‍ ജനല്‍ ചില്ലുകള്‍ തമ്മില്‍ ഉരഞ്ഞുപൊട്ടാതിരിക്കാന്‍ ജനല്‍ നിര്‍മാതാക്കള്‍ വയ്ക്കുന്ന കറുത്ത ബുഷ് ആണ് സ്റ്റിക്കര്‍ ആയി തെറ്റിദ്ധരിക്കപ്പെട്ടത് എന്ന് പുറത്തുവന്നതോടെ അത് അടങ്ങി. തമിഴ്നാട്ടില്‍ നിന്നോ ബംഗാളില്‍ നിന്നോ മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ കേരളത്തില്‍ വന്ന് തോഴിലുകള്‍ ചെയ്തു ജീവിക്കുന്നവരില്‍ ബഹുഭൂരിപക്ഷം ആളുകളും കുഴപ്പക്കാരല്ല എന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

വേണാട് എക്സ്പ്രസില്‍ സൗമ്യയെ ആക്രമിച്ച ഗോവിന്ദച്ചാമിയെപ്പോലെയും ജിഷ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട അമീറുല്‍ ഇസ്ലാമിനെപ്പോലെയും കോട്ടയത്ത് ദമ്ബതികളെ കൊലപ്പെടുത്തിയ അസംകാരനെപ്പോലെയും മറ്റുമുള്ള ക്രിമിനലുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തി കേരളം താവളമാക്കുന്നുണ്ട് എന്നത് പോലീസ് നിഷേധിക്കുന്നുമില്ല. അത്തരക്കാര്‍ വളരെക്കുറവാണെന്നും മുഴുവന്‍ ഇതര സംസ്ഥാനക്കാരും കുഴപ്പക്കാരാണെന്നു വരുത്തി ആക്രമിക്കുന്നതിലൂടെ കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നുവെന്ന പ്രചാരണം നടത്താനും ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായി പോലീസിനു സംശയമുണ്ട്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കേരളത്തില്‍ സുരക്ഷിതരല്ല എന്ന വാര്‍ത്തകള്‍ വരുന്നതോടെ മറ്റു പല സംസ്ഥാനങ്ങളിലും മലയാളികള്‍ ആക്രമിക്കപ്പെടാം. ഇത് ചൂണ്ടിക്കാട്ടി ഈ സര്‍ക്കാരിന്റെ കാലത്ത് മലയാളികള്‍ മറ്റിടങ്ങളിലും സുരക്ഷിതരല്ല എന്നു വരുത്താനും ശ്രമിക്കുന്നതായി സംശയിക്കുന്നു. ഇതും പരിശോധിക്കാനാണ് പോലീസിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തില്‍ വന്ന് ജോലി ചെയ്തു ജീവിക്കുന്ന സാധാരണക്കാരെ നാടോടികളായും തട്ടിപ്പുകാരായും മറ്റും ചിത്രീകരിച്ച്‌ ആക്രമിക്കുകയോ സമൂഹമാധ്യമങ്ങളിലൂടെ അവരുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ചൂണ്ടിക്കാട്ടി പോലീസ് വ്യാപക പ്രചാരണം നടത്തും. സംശയകരമായ സാഹചര്യങ്ങളില്‍ കാണുന്നവരെക്കുറിച്ച്‌ പോലീസിനെ അറിയിക്കുക മാത്രമേ ചെയ്യാന്‍ പാടുള്ളുവെന്നും നിര്‍ദേശിക്കും.



Sharing is Caring