ഇടുക്കി ഡാം നിറയാന്‍ 22 അടി കൂടി; ജൂലായ് മാസത്തിലെ റെക്കോഡ് ജലനിരപ്പ്


ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച്‌ ഡാമായ ഇടുക്കി നിറയാന്‍ ഇനി 22 അടി വെള്ളം മതി. കനത്ത മഴ ഇങ്ങനെ തുടര്‍ന്നാല്‍ 11 ദിവസത്തിനുള്ളില്‍ പരമാവധി സംഭരണശേഷിയിലെത്തുകയും ഷട്ടറുകള്‍ തുറക്കുകയും ചെയ്യേണ്ടിവരും. ഇത് ഒഴിവാക്കുന്നതിനായി വൈദ്യുതി വകുപ്പ് ഉത്‌പാദനം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.


നിലവില്‍ ഡാമില്‍ 76 ശതമാനം വെള്ളമാണുള്ളത്. വെള്ളിയാഴ്ച 2382.26 അടി വരെ എത്തി. ഇത് ജൂലായ് മാസത്തിലെ സര്‍വകാല റെക്കോഡാണ്. 2403 ആണ് ഡാമിന്റെ പരമാവധി സംഭരണശേഷി. 1981-ലും 1992-ലും ഒക്ടോബര്‍ മാസങ്ങളില്‍ ഡാം പരമാവധി സംഭരണശേഷിയിലെത്തുകയും ഷട്ടറുകള്‍ തുറക്കുകയും ചെയ്തിരുന്നു. ആ വര്‍ഷങ്ങളില്‍ പോലും ജൂലായ് മാസത്തില്‍ ജലനിരപ്പ് ഇത്രയും ഉയര്‍ന്നിട്ടില്ല. 1981-ല്‍ 2342-ഉം 1992-ലും ജൂലായ് 20-ലെ ജലനിരപ്പ് 2340.3 അടിവരെയേ എത്തിയിരുന്നുമുള്ളൂ. 40 അടിയോളം കൂടുതലാണ് ഇപ്രാവശ്യം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 64.62 അടി വര്‍ധനയും ഇത്തവണ ഉണ്ടായിട്ടുണ്ട്.


1992-ന് ശേഷം 2013 ഒക്ടോബര്‍ 27-ന് ജലനിരപ്പ് 2400.8 അടി വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ആ വര്‍ഷം ഉത്‌പാദനം വര്‍ദ്ധിപ്പിച്ച്‌ ജലനിരപ്പ് കുറച്ചതിനാല്‍ ഷട്ടര്‍ തുറന്നില്ല. തുലാവര്‍ഷമഴക്കാണ് ഏറ്റവും കൂടുതല്‍ വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നത്. കാലവര്‍ഷം തുടങ്ങിയപ്പോള്‍തന്നെ ഡാം ഇത്രയും നിറഞ്ഞതിനാല്‍ തുലാവര്‍ഷത്തില്‍ സംഭരണശേഷി കവിയുമെന്നാണ് നിഗമനം. ഇത് ഒഴിവാക്കാനായി വ്യാഴാഴ്ച മൂലമറ്റം പവര്‍ഹൗസില്‍ നിന്ന് 8.821 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് ദശലക്ഷം യൂണിറ്റില്‍ താഴെയായിരുന്നു ഉത്‌പാദനം. ബുധനാഴ്ച ഡാമിലേക്ക്‌ ഒഴുകിയെത്തിയത് 28.359 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി മഴ

ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി മഴ ലഭിച്ചു. ജൂണ്‍ ഒന്ന് മുതല്‍ ജൂലായ്‌ 20 വരെ 1638.58 മില്ലിമീറ്റര്‍. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ലഭിച്ചത് 893.2 മില്ലിമീറ്റര്‍ മഴയാണ്.

യോഗം ചേരും

ഡാമിലെ ജലനിരപ്പ് വര്‍ദ്ധിക്കുന്ന സാഹചര്യം വിലയിരുത്തുന്നതിനായി വൈദ്യുതി വകുപ്പ് ഡാം റിസര്‍ച്ച്‌ ആന്‍ഡ്‌ സേഫ്റ്റി ഉദ്യോഗസ്ഥരുടെ യോഗം ശനിയാഴ്ച വാഴത്തോപ്പില്‍ കൂടും. ഡാം തുറക്കേണ്ടിവന്നാല്‍ മുന്‍കരുതലിന്റെ ഭാഗമായി കണ്‍ട്രോള്‍ റൂം തുറക്കുന്നത് സംബന്ധിച്ച്‌ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 135 അടിയിലേക്ക്;കേരളത്തിന് ജാഗ്രത പോരാ

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 135 അടിയിലേക്ക്‌. കേരളം മുന്‍കരുതല്‍ നടപടികള്‍ തുടങ്ങാത്തതില്‍ പെരിയാര്‍ തീരവാസികളില്‍ ആശങ്ക. പരമാവധി സംഭരണശേഷി 136 അടിയായി കുറയ്ക്കാന്‍ നിയമപോരാട്ടം നടത്തുന്ന കേരളം ഇതുവരെ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കുകയോ അടിയന്തര സാഹചര്യം നേരിടാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുകയോ ചെയ്തിട്ടില്ല.

അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി നിശ്ചയിച്ചിരുന്ന കാലത്ത് 135 അടിയില്‍ വെള്ളമെത്തിയാല്‍ അതീവ ജാഗ്രത പാലിച്ചിരുന്നതാണ്. വില്ലേജ്, താലൂക്ക് ഓഫീസുകളില്‍ ഉച്ചഭാഷിണികള്‍ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ സ്ഥാപിച്ചിരുന്നു.

തമിഴ്നാട് ജലനിരപ്പ് 142 അടിയിലെത്തിക്കുമെന്ന തീരുമാനത്തിലുമാണ്. അവര്‍ക്ക് കോടതിവിധിയുടെ പിന്‍ബലവുമുണ്ട്. ഇതിനായി മുല്ലപ്പെരിയാര്‍ വെള്ളം കൊണ്ടുപോകുന്നത് തമിഴ്നാട് പരമാവധി കുറച്ചിട്ടുണ്ട്. തമിഴ്നാട്ടിലും നല്ല മഴ ലഭിക്കുന്നതിനാല്‍ അവര്‍ക്ക് ഇപ്പോള്‍ വെള്ളം ആവശ്യമില്ല‌. മുല്ലപ്പെരിയാര്‍ വെള്ളം തമിഴ്നാട്ടില്‍ ശേഖരിക്കുന്ന വൈഗൈ അണക്കെട്ടില്‍ ജലനിരപ്പ് 55 അടിയിലെത്തിയിട്ടുണ്ട്. വൈഗൈയുടെ സംഭരണശേഷി 71 അടിയാണ്.

തമിഴ്നാട്ടിലേക്ക്‌ കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് നല്‍കുന്നത് കൃത്യമല്ലെന്ന ആക്ഷേപമുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് മാത്രമാണ് കേരളത്തിന് അളക്കാന്‍ കഴിയുന്നത്. മറ്റു കണക്കുകള്‍ തയ്യാറാക്കുന്നത് തമിഴ്നാടാണ്.



Sharing is Caring