ഇടുക്കിയില്‍ 6065 പേര്‍ക്കുകൂടി പട്ടയം വിതരണംചെയ‌്തു

ഉപാധികളില്ലാതെ പൂര്‍ണ സ്വാതന്ത്ര്യത്തോടെ ഭൂമിയുടെ ഉടമസ്ഥാവകാശം കൈവന്നതിന്റെ ആഹ്ലാദത്തില്‍ 6065 കര്‍ഷകര്‍ കൂടി. ആയിരക്കണക്കിന‌് സാധാരണക്കാരായ കര്‍ഷകര്‍ തിങ്ങിനിറഞ്ഞ കുട്ടിക്കാനം മരിയന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ പട്ടയ വിതരണ മേള ഉദ‌്ഘാടനംചെയ‌്തു. ഭിന്നശേഷിക്കാരനായ കരിങ്കുളം ചപ്പാത്ത‌് തിരിയാന്തറയില്‍ കെ വി മോഹനന‌ാണ‌് ആദ്യ പട്ടയം നല്‍കിയത‌്. തുടര്‍ന്ന‌് 1167.65 ഹെക്ടറിന്റെ ഉടമകളായി മറ്റു കര്‍ഷകര്‍ക്ക‌ും പട്ടയം നല്‍കി. മന്ത്രി എം എം മണി ചടങ്ങില്‍ അധ്യക്ഷനായി.

എല്‍ഡിഎഫ‌് സര്‍ക്കാര്‍ അധികാരത്തില്‍വന്ന‌് 32 മാസമാകുമ്ബോള്‍ മൂന്നാമത്തെ പട്ടയവിതരണം കൂടിയായതോടെ 20,419 കര്‍ഷകര്‍ ഭൂ ഉടമകളായി മാറി. 2017 മേയില്‍ 5490, 2018 ഫെബ്രുവരിയില്‍ 8864 പട്ടയങ്ങള്‍ വീതമാണ‌് ഇതിനുമുമ്ബ‌് ഇടുക്കിയില്‍ വിതരണംചെയ‌്തത‌്. നിയമം ഭേദഗതിചെയ‌്തും ഭൂ വിനിയോഗ ചട്ടങ്ങളില്‍ മാറ്റംവരുത്തിയും കര്‍ഷകരോടുള്ള പ്രതിബദ്ധത തെളിയിച്ചതും ചരിത്രമായി.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്താകെ ഇതുവരെ 1,02,681 പട്ടയങ്ങളാണ‌് വിതരണംചെയ്തത‌്. എന്നാല്‍, കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഞ്ചുവര്‍ഷംകൊണ്ട‌് മൂന്ന‌് സെന്റിലെ 39,788 പട്ടയം കൂടാതെ 89,884 ഉപാധികളും നിബന്ധനകളും നിറഞ്ഞ പട്ടയങ്ങള്‍ മാത്രമാണ‌് വിതരണം ചെയ‌്തത‌്. പതിറ്റാണ്ടുകളായി ഭൂമി കൈവശംവച്ചിട്ടും അവകാശം ലഭിക്കാതിരുന്ന പിന്മുറക്കാര്‍ക്കും ആദിവാസികള്‍ക്കും വനവാസികള്‍ക്കും പട്ടയം ലഭിച്ചതിന്റെ അംഗീകാരം ആഹ്ലാദമായി പ്രതിഫലിച്ച ചടങ്ങുകൂടിയായി മൂന്നാം പട്ടയമേള. പട്ടയ വിതരണത്തിനായി കേന്ദ്ര സര്‍ക്കാരില്‍നിന്നും അനുമതി ലഭിച്ച ഭൂമിക്കാണ‌് 1993 ലെ പ്രത്യേക ചട്ടപ്രകാരവും 1964 ലെ ഭൂപതിവ‌് നിയമപ്രകാരവും പട്ടയം നല്‍കിയത‌്. 1993 ചട്ടപ്രകാരം 1801, 1964 റൂള്‍ പ്രകാരം 3958, കണ്ണന്‍ദേവന്‍ ഹില്‍ ചട്ട പ്രകാരം 50, മുനിസിപ്പല്‍ നിയമ പ്രകാരം 13, എല്‍ടി പ്രകാരം 243 ഉള്‍പ്പെടെയാണ‌് ഇത്രയും പട്ടയങ്ങള്‍ വിതരണംചെയ്തത്.

വിവിധ ലാന്‍ഡ‌് അസൈന്‍മെന്റ‌് ഓഫീസ്, താലൂക്ക് തിരിച്ച‌് വിതരണം ചെയ‌്ത പട്ടയങ്ങള്‍ യഥാക്രമം: കട്ടപ്പന 1030, മുരിക്കാശേരി 842, പീരുമേട് 794, നെടുങ്കണ്ടം 770, രാജകുമാരി 450, ഇടുക്കി 399, കരിമണ്ണൂര്‍ 378, ദേവികുളം 970, തൊടുപുഴ 163, ഇടുക്കി താലൂക്ക് 26, തൊടുപുഴ ലാന്‍ഡ‌് ട്രിബൂണല്‍ 243.

1977 ജനുവരി ഒന്നിനുമുമ്ബ‌് ഭൂമിയില്‍ താമസമാക്കിയവരും കൈവശക്കാരും പിന്തുടര്‍ച്ചയായി കൈമാറിയവരുമായ കര്‍ഷക വിഭാഗങ്ങള്‍ക്ക‌് പട്ടയ അവകാശം വിഭാവനംചെയ്യുന്നതാണ‌് 1993ലെ വനഭൂമി കുടിയേറ്റ ക്രമീകരിക്കല്‍ ചട്ടം. 1995ലെ കേരള മുന്‍സിപ്പല്‍ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം തൊടുപുഴ നഗരസഭയുടെ പരിധിയില്‍ വരുന്ന ഭൂമിക്കും പട്ടയം നല്‍കി. ഇതിനൊപ്പം 150 വനാവകാശ രേഖകളും വിതരണംചെയ‌്തു. 40 വര്‍ഷമായി പട്ടയത്തിന‌് അപേക്ഷ നല്‍കിവരുന്ന അടിമാലി മന്നാങ്കണ്ടം വില്ലേജിലെ നൂറുകണക്കിന് കുടുംബങ്ങളും ഭൂമിയുടെ ഉടമകളായി. അര്‍ഹരായ കര്‍ഷകര്‍ക്കെല്ലാം ഉപാധിരഹിത പട്ടയമെന്നത‌് എല്‍ഡിഎഫ‌ിന്റെ തെരഞ്ഞെടുപ്പ‌് വാഗ‌്ദാനമായിരുന്നു. പട്ടയം നല്‍കാനും ഇഎസ‌്‌ഐ ഉള്‍പ്പെടെയുള്ള ഭൂ പ്രശ‌്നങ്ങള്‍ പരിഹരിക്കാനും തിരുവനന്തപുരത്ത‌് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ട മന്ത്രിമാരേയും ഉന്നത ഉദ്യോഗസ്ഥരേയും ഇടുക്കിയിലെ ജനപ്രതിനിധികളേയും പങ്കെടുപ്പിച്ച‌് പ്രത്യേക യോഗങ്ങള്‍ ചേര്‍ന്നാണ‌് നടപടികള്‍ ത്വരിതപ്പെടുത്തിയത‌്.

പട്ടയ വിതരണ മേളയില്‍ ജോയ‌്സ‌് ജോര്‍ജ‌് എംപി, റോഷി അഗസ്റ്റിന്‍ എംഎല്‍എ എന്നിവര്‍ സംസാരിച്ചു. കലക്ടര്‍ കെ ജീവന്‍ബാബു റിപ്പോര്‍ട്ട‌് അവതരിപ്പിച്ചു. ഇ എസ‌് ബിജിമോള്‍ എംഎല്‍എ സ്വാഗതം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *