ഇടതു മുന്നണിയിലെ പ്രശ്‌നപരിഹാര ചര്‍ച്ച ഇന്നുമുതല്‍


കായല്‍ കയ്യേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിയുടെ രാജിയോടെ ആരംഭിച്ച സിപിഐഎം-സിപിഐ ഭിന്നത തുടരുന്നതിനിടെ പ്രശ്‌ന പരിഹാര ചര്‍ച്ചകള്‍ ഇന്നാരംഭിക്കും. വിദേശത്ത് നിന്ന് ഇന്ന് തിരിച്ചെത്തുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തും. അതേസമയം മന്ത്രിയുടെ രാജിയെച്ചൊല്ലി സിപിഐ നേതാക്കള്‍ നടത്തിയ പ്രസ്താവനകളും, പാര്‍ട്ടികത്തെ തര്‍ക്കങ്ങളും കാനത്തിന് വെല്ലുവിളിയാണ്.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് ആദ്യം വിവാദങ്ങള്‍ക്ക് തുടക്കമിട്ടു. ഇതേത്തുടര്‍ന്നാണ് സിപിഐഎം-സിപിഐ നേതാക്കള്‍ പരസ്യ പ്രസ്താവനകളുമായി വിഴുപ്പലക്കല്‍ നടപടികള്‍ ആരംഭിച്ചത്.
സിപിഐ മന്ത്രി മാരുടെ മന്ത്രിസഭാ യോഗ ബഹിഷ്‌കരണത്തെ വിമര്‍ശിച്ച മുഖ്യമന്ത്രിക്കും, സിപിഐഎം പാര്‍ട്ടി സെക്രട്ടറിക്കുമെതിരെ സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവാണ് ആദ്യം പ്രതികരിച്ചത്. ഇതോടെ ഇരു പാര്‍ട്ടി നേതാക്കളും ഏറ്റുമുട്ടലിലേക്ക് കടക്കുകയായിരുന്നു. സിപിഐയ്ക്ക് ഒരു ചുക്കും അറിയില്ലെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്റെ പരിഹാസവും സിപിഐക്കാരെ ചൊടിപ്പിച്ചു. എന്നാല്‍ ഇതിനിടെ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച നടപടി പാര്‍ട്ടി അറിഞ്ഞല്ലെന്ന സിപിഐയുടെ മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മയിലിന്റെ പ്രസ്താവന സിപിഐയ്ക്കകത്ത് തന്നെ പ്രശ്‌നങ്ങളുണ്ടാക്കിയതും കാനത്തിന് തലവേദനയാണ്. മുന്നണിയിലെ പ്രശ്‌നങ്ങളേക്കാള്‍ സ്വന്തം പാര്‍ട്ടികകത്തെ പ്രശന്ങ്ങള്‍ കൂടി ആയതോടെ ബുധനാഴ്ച നടക്കാനിരിക്കുന്ന പാര്‍ട്ടി നിര്‍വാഹകസമിതിയോഗത്തില്‍ ശ്രമകരമായ ജോലിയാണ് കാനത്തെ കാത്തിരിക്കുന്നത്.
ഇതിനിടയിലാണ് മഞ്ഞുരുക്കാന്‍ സിപിഐ ദേശീയ നേതൃത്വം മുന്നിട്ടിറങ്ങിയത്. അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കണമെന്ന് ദേശീയ സെക്രട്ടറി സുധാകരന്‍ റെഡ്ഡി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. മുന്നണിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയാറാണന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കൂടി പറഞ്ഞതോടെ ചര്‍ച്ചയ്ക്കുള്ള വഴിയൊരുങ്ങുകയായിരുന്നു.




Sharing is Caring