ഇംഗ്ലണ്ട് വട്ടംകറങ്ങി; ഇന്ത്യക്ക് കൂറ്റൻ ജയം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റന്‍ ജയം. ചെന്നൈ ടെസ്റ്റില്‍ 317 റണ്‍സിനാണ് ഇന്ത്യയുടെ ജയം. 482 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 164ന് പുറത്തായി. അക്ഷര്‍ പട്ടേല്‍ അഞ്ചും ആര്‍ അശ്വിന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. ഒരു വിക്കറ്റുമായി കുല്‍ദീപ് യാദവും സാന്നിധ്യമറിയിച്ചു. പൊരുതാൻ പോലുമാകാതെയാണ്​ ഇംഗ്ലീഷ്​ പട ഇന്ത്യക്ക്​ മുന്നിൽ അടിയറവ്​ പറഞ്ഞത്​.

മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോൾ മൂന്നു വിക്കറ്റിന് 53 എന്ന നിലയിൽ പതറുകയായിരുന്ന ഇംഗ്ലണ്ടിന്റെ ഇന്നത്തെ തകർച്ചയുടെ തുടക്കം കുറിച്ചത് അശ്വിനാണ്. ആദ്യ ബൗളിങ് ചെയ്ഞ്ചായെത്തിയ തമിഴ്‌നാട് താരം ആദ്യപന്തിൽ തന്നെ ഡാൻ ലോറൻസിനെ (26) പുറത്താക്കി. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സിൽ ആത്മവിശ്വാസത്തോടെ കളിച്ച ലോറൻസ് അശ്വിനെതിരെ ആക്രമിച്ചു കളിക്കാനായി ക്രീസ് വിട്ടിറങ്ങിയപ്പോൾ ഋഷഭ് പന്ത് സ്റ്റംപ് സാഹസികമായി ചെയ്യുകയായിരുന്നു. ലോറന്‍സിന്റെ കാലുകള്‍ക്കിടയിലൂടെ ലെഗ് സ്റ്റംപിനു പുറത്തു പോയ പന്ത് കൈകളിലൊതുക്കിയ പന്ത് മുന്നോട്ടാഞ്ഞാണ് വിക്കറ്റിളക്കിയത്പ്രതിരോധത്തിലൂന്നിക്കളിച്ച ബെൻ സ്റ്റോക്‌സ് (8) ആയിരുന്നു അശ്വിന്റെ അടുത്ത ഇര. സ്‌റ്റോക്‌സിന്റെ ബാറ്റിലും പാഡിലും തട്ടിയ പന്ത് ഡൈവ് ചെയ്ത് വിരാട് കോലി ക്യാച്ചെടുക്കുകയായിരുന്നു. ഒല്ലി പോപ്പിനെ (12) ഇശാന്ത് ശർമയുടെ കൈകളിലെത്തിച്ച് പട്ടേൽ തന്റെ സമ്പാദ്യം മൂന്നു വിക്കറ്റാക്കി ഉയർത്തിയതോടെ ഇംഗ്ലണ്ടിന്റെ ആറാം അംഗവും പവലിയനിൽ തിരിച്ചെത്തി. ബെൻ ഫോക്‌സ് അക്ഷർ പട്ടേലിന് ക്യാച്ച് നൽകിയതോടെ കുൽദീപ് യാദവും വിക്കറ്റ് പട്ടികയിൽ പേര് ചേർത്തു.

കുൽദീപ് യാദവിന്റെ പന്തിൽ ജോ റൂട്ട് നൽകിയ ക്യാച്ച് അവസരം മുഹമ്മദ് സിറാജ് നിലത്തിട്ടത് സന്ദർശകർക്ക് താൽക്കാലിക ആശ്വാസമായി. ഒരറ്റത്ത്​ പിടിച്ചുനിന്ന ജോറൂട്ട്​ (33), വാലറ്റത്ത്​ അടിച്ചുതകർത്ത മുഈൻ അലി (18 പന്തിൽ 43) എന്നിവരാണ്​ ഇംഗ്ലണ്ട്​ നിരയിൽ അൽ​പ്പമെങ്കിലും താളം ​കണ്ടെത്തിയത്​. എന്നാൽ മികച്ച സ്പിൻ ലഭിക്കുന്ന ചെന്നൈയിലെ പിച്ചിൽ മൂന്ന് ഇന്ത്യൻ സ്പിന്നർമാർക്കു മുമ്പിൽ ഇംഗ്ലണ്ടിന് പിടിച്ചുനില്‍ക്കാനായില്ല.

നാല് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം ജയിച്ചു. ഫെബ്രുവരി 24 മുതൽ അഹമ്മദാബാദിലാണ്​ മൂന്നാംടെസ്റ്റ്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *