ആ 500 ല്‍ ഞങ്ങളില്ല’; നിലപാട് പറഞ്ഞ് പ്രതിപക്ഷ എംഎല്‍എമാര്‍ ; കൈയ്യടി

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നടത്തുന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ എംഎല്‍എമാര്‍. ആ 500 ല്‍ ഞങ്ങളില്ലെന്ന് ഷാഫി പറമ്പില്‍, റോജി.എം.ജോണ്‍, എല്‍ദോസ് കുന്നപ്പള്ളില്‍ തുടങ്ങിയവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സത്യപ്രതിജ്ഞയില്‍ നേരിട്ട് പങ്കെടുക്കില്ലെന്ന് യുഡിഎഫും വ്യക്തമാക്കിയിരുന്നു. വെര്‍ച്വലായി പങ്കെടുക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ വീടുകളില്‍ ബന്ധിയാക്കി ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് ശരിയല്ല.

പശ്ചിമ ബംഗാളിലും ചെന്നെെയിലും മുഖ്യമന്ത്രിമാര്‍ സത്യപ്രതിജ്ഞ അധികാരമേറ്റത് പോലെ ലളിതമായി പരിപാടി സംഘടിപ്പിച്ച് കേരള മുഖ്യമന്ത്രിയും മാതൃക കാട്ടണമായിരുന്നു. വീടുകളില്‍ കുടുംബാംഗങ്ങള്‍ പോലും സമൂഹിക അകലം പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും ഉപദേശിക്കുന്ന മുഖ്യമന്ത്രി സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നതെന്നത് പരിഹാസ്യമാണ്.

ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രത്യേകം പറഞ്ഞിട്ടുണ്ട് എല്ലാവരും ടിവിയിലിരുന്ന് സത്യപ്രതിജ്ഞ കാണണമെന്ന്. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെ എല്ലാവരും വീട്ടിലിരുന്ന് ടിവിയില്‍ സത്യാപ്രതിജ്ഞ ചടങ്ങ് കാണുമെന്നും യുഡിഎഫ് ചടങ്ങ് ബഹിഷ്‌കരിക്കുന്നില്ലെന്നും വെര്‍ച്വലായി പങ്കെടുക്കുമെന്നും ഹസന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *