തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ പരിഹസിച്ച് പ്രസ്താവന നടത്തിയ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി പുകയുന്നു. അനവസരത്തിലാണ് മുല്ലപ്പള്ളിയുടെ പ്രസ്താവനയെന്നും ഇത് പ്രതിപക്ഷ നേട്ടങ്ങളുടെ തിളക്കം കുറയ്ക്കുമെന്നും പാര്‍ട്ടിയിലെ ചില നേതാക്കള്‍ വിലയിരുത്തി.
മുല്ലപ്പള്ളിയുടെ പ്രസ്താവനയോട് പ്രതികരിക്കേണ്ടെന്നും അദ്ദേഹം തന്നെ ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്തട്ടേയെന്നുമാണ് നേതാക്കളില്‍ പലരുടെയും അഭിപ്രായം. ഇതിനിടെ, നിപ്പ വൈറസ് ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയതും അനവസരത്തിലായിപ്പോയെന്ന് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുണ്ട്.














