ന്യൂഡല്‍ഹി: സൈന്യത്തില്‍ ചേരണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു സമയത്ത് സന്യാസിയാകണമെന്നും ആഗ്രഹിച്ചിരുന്നു. താന്‍ പ്രധാനമന്ത്രിയാകുമെന്ന് ഒരിക്കലും കരുതിയതല്ല. രാമകൃഷ്ണ മിഷന് സ്വാധീനിച്ചെന്നും മോദി പറഞ്ഞു. നടന് അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിലാണ് മോദി മനസുതുറന്നത്. ഒന്നര മണിക്കൂര്‍ നീണ്ട അഭിമുഖത്തില്‍ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളാണ് പ്രധാനമന്ത്രി പങ്കുവെച്ചത്.
രാഷ്ട്രീയത്തിന് അപ്പുറത്ത് ഇത്തരം കാര്യങ്ങള്‍ സംസാരിക്കുന്നതില്‍ സന്തോഷമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ചെറുപ്രായത്തില്‍ തന്നെ കുടുംബം വിട്ട് പോകേണ്ടി വന്നയാളാണ്. ഇപ്പോള്‍ തനിക്കൊപ്പം കഴിയാന്‍ അമ്മയെ ക്ഷണിച്ചാലും വരില്ല. ഗ്രാമത്തില്‍ തന്നെ ജീവിക്കാനാണ് അമ്മ ആഗ്രഹിക്കുന്നത്. തനിക്കും അമ്മയ്ക്കൊപ്പം ചെലവഴിക്കാന്‍ സമയം കിട്ടാറില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ഒരു സാധാരണ മനുഷ്യനായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ തന്നെക്കുറിച്ചു ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളൊക്കെ നിരീക്ഷിക്കാറുണ്ട്. വിരമിക്കുന്നതിനെ കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ല. ദിവസവും നാലു മണിക്കൂര്‍ മാത്രമാണ് താന്‍ ഉറങ്ങുന്നത്. കുറച്ചുകൂടി ഉറക്കം വേണമെന്ന് പലരും ഉപദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.












